കെ റെയില്‍ അല്ല, കേന്ദ്രത്തിന്റെ അതിവേഗ റെയില്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; ഡിപിആര്‍ തയാറാക്കല്‍ ചുമതല ഡിഎംആര്‍സിക്ക്; ഇ. ശ്രീധരന്‍ നേതൃത്വം വഹിക്കും; പൊന്നാനിയില്‍ ഓഫീസ്; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റംവരുത്തും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സെമി ഹൈസ്പീഡ് പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ കേരളത്തില്‍ അതിവേഗ റെയില്‍പാത പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നു സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിക്കായി ഡിപിആര്‍ (വിശദ പദ്ധതിരേഖ) തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ചുമതലപ്പെടുത്തിയതായാണ് വിവരം. ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും ഡിപിആര്‍ തയാറാക്കുക. ഇതിനായി പൊന്നാനിയില്‍ ഓഫിസ് തുറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍പ് 2009ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതിയെന്നാണ് സൂചന. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗപാതയാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ഇതാടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചുവര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസന മാതൃകയാണ് പോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപിങ് മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയിലേക്ക് തിരുവനന്തപുരം വരുന്നതോടെ അനുബന്ധ വ്യാപാരവാണിജ്യ ശൃംഖലതന്നെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്തിലെ കണ്ട്ല, കര്‍ണാടകത്തിലെ മംഗളുരു എന്നിവ ഉദാഹരണം.
പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചുവര്‍ഷത്തിനകം വീട്, ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാ വീടുകളിലും കുടിവെള്ളം, സൂറത്ത് നഗരത്തിന്റെ മാതൃകയില്‍ വെള്ളക്കെട്ട് നിവാരണ പദ്ധതി, മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിന്റെ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം തുടങ്ങിയവ കോര്‍പറേഷന്‍ തയാറാക്കിയ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കായികമത്സരങ്ങളുടെ കേന്ദ്രമാക്കുകയെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
അനുയോജ്യമായ കാലാവസ്ഥ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം , ദേശീയ ഗെയിംസിന് കൊണ്ടുവന്ന അടസ്ഥാന സൗകര്യങ്ങള്‍ എന്നി പ്രയോജനപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്ത് 2036 ഒളിംപികിസില്‍ ചില ഇനങ്ങളില്‍ തിരുവനന്തപുരത്തെ വേദിയാക്കുകയാണ് ലക്ഷ്യം. ഇക്കാര്യങ്ങള്‍ അടങ്ങുന്ന ബ്ലൂ പ്രിന്റ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അന്തിമരൂപരേഖ തയാറാക്കുന്നതിന് മുന്നോടിയായി അടുത്തമാസം രാജ്യത്തെ പ്രധാന നഗരങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന നഗരവികന കോണ്‍ക്ലേവ് സംഘടിപ്പിക്കും.
തിരുവനന്തപുരം കോര്‍പറേഷന്റെ വികനരേഖ പ്രകാശനവും ബിജെപിയുടെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിനും മോദി തുടക്കം കുറിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന സമ്മേളത്തിന് ഇരുപത്തയ്യായിരം പേരെ പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമം. നാലു പുതിയ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി ലൈഫ് സയന്‍സസ് പാര്‍ക്കിലെ ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ് ഹബിനു തറക്കല്ലിടുകയും ചെയ്യും. ഉച്ചയോടെ അദ്ദേഹം മടങ്ങും.






