സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി : തുടക്കം കുറിച്ച് എം എ ബേബി : ബിജെപി പണം കൊടുത്തു വോട്ട് വാങ്ങുന്നു എന്ന് ആരോപണം: ഐഷ പോറ്റിക്കെതിരെയും ബേബിയുടെ വിമർശനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വിജയം നേടുന്നതിന്റെ പ്രചരണ മുന്നോടിയായി സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി.
ഹാട്രിക് തുടർഭരണം ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി തിരുവനന്തപുരത്ത് നേതാക്കള്‍ക്കൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. എം എ ബേബിക്ക് പുറമേ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും.
വ്യാപകമായ തോതില്‍ പണം വിതരണം ചെയ്ത് ബിജെപി വോട്ട് വിലക്ക് വാങ്ങുകയാണെന്ന് എം എ ബേബി ഗൃഹസന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രതിനിധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്നും പുരുഷന്മാര്‍ക്ക് നല്‍കിയതിന്റെ പകുതിയാണ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരേന്ത്യയില്‍ മസില്‍ പവറും മണി പവറും ഉപയോഗിച്ച് ആളുകളെ പിന്നില്‍ നിര്‍ത്തുന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമീപനം. ബിഹാറില്‍ ഇത് നമ്മള്‍ കണ്ടതാണ്. രണ്ട് രീതിയിലാണ് അവിടെ പണം ഉപയോഗിച്ചത്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന രീതിയില്‍ 10000 രൂപ സ്ത്രീകള്‍ക്ക് നല്‍കി, ഇതിന് പുറമേ വോട്ടിന് കൈക്കൂലിയും നല്‍കി. ഉത്തരേന്ത്യയിലെ ജനാധിപത്യ വിരുദ്ധമായ ഈ രീതി തിരുവനന്തപുരത്തും കേരളത്തിലും ആര്‍എസ്എസ് കൊണ്ടുവരികയാണ്. കോണ്‍ഗ്രസും യുഡിഎഫും മുസ്‌ലിം ലീഗും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പല സ്ഥലത്തും നടത്തിയിട്ടുണ്ട്’, എം എ ബേബി ആരോപിച്ചു.
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റിയുടെ പാര്‍ട്ടി മാറ്റത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഐഷാ പോറ്റിയുടെ പ്രതികരണം ആത്മാര്‍ത്ഥതയില്ലാത്തതാണ്. മുന്‍ സഹപ്രവര്‍ത്തകയെപ്പറ്റി അങ്ങനെ പറയുന്നതില്‍ വിഷമമുണ്ടെന്നും ഒരു സ്ഥാനവും ലഭിക്കാതെ എത്രയോ പേര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും എം. എ ബേബി ഓർമിപ്പിച്ചു .






