അവസരം മുതലാക്കാന്‍ ഇറാഖിലെ കുര്‍ദ് സൈന്യവും ശ്രമിച്ചു; ഇറാനിലെ കലാപത്തില്‍ അമേരിക്ക 24 മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് യൂറോപ്യന്‍ സോഴ്‌സുകള്‍; പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളില്‍ ദുരൂഹ നീക്കങ്ങള്‍; ഇറാന്‍ കണ്ട ഏറ്റവും അക്രമാസക്ത സാഹചര്യം

ടെഹ്‌റാന്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമിടയില്‍ അസ്ഥിരത മുതലാക്കാന്‍ വിദേശ ശക്തികളും. ഇറാഖില്‍നിന്ന് ഇറാന്‍ അതിര്‍ത്തി കടക്കാന്‍ സായുധ കുര്‍ദിഷ് വഘടനവാദികള്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനടക്കം മൂന്നുപേരില്‍നിന്നുള്ള വിവരങ്ങളാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.
കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തി കടക്കുന്നതിനെക്കുറിച്ച് അയല്‍രാജ്യമായ തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിന് (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും പ്രതിഷേധങ്ങള്‍ മുതലെടുക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നും, പോരാളികളുമായി ഐആര്‍ജിസി ഏറ്റുമുട്ടിയതായും ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനിലെ മുന്‍കാല പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയത് റവല്യൂഷനറി ഗാര്‍ഡുകളാണ്.
തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐടിയോ (എംഐടി) അങ്കാറയിലെ പ്രസിഡന്‍സി ഓഫീസോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് പോരാളികളെ തീവ്രവാദികളായി കണക്കാക്കുന്ന തുര്‍ക്കി, ഇറാനിലെ ഏത് വിദേശ ഇടപെടലും പ്രാദേശിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാഖില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് പോരാളികളെ അയച്ചതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോരാളികളെയോ ആയുധങ്ങളെയോ ഇറാനിലേക്ക് കടത്തുന്നത് നിര്‍ത്താന്‍ തങ്ങള്‍ ആ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇറാനിലെ പുരോഹിത ഭരണത്തിനെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലില്‍ കഴിഞ്ഞ ദിവസങ്ങളിലായി 2,600 പേര്‍ കൊല്ലപ്പെട്ടതായി ഒരു മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇടപെടുമെന്ന് ഭീഷണിപ്പെടുത്തിയ അമേരിക്ക പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.
അമേരിക്ക ആക്രമിച്ചാല്‍ അമേരിക്കന്‍ താവളങ്ങള്‍ തര്‍ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനു പിന്നാലെ പശ്ചിമേഷ്യയിലെ താവളങ്ങളില്‍നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് (ഇറാന്‍) ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഭ്യന്തര പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാനിയന്‍ നേതൃത്വം കഠിന ശ്രമത്തിലാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് അനുകൂലമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികളെ പ്രതിരോധിക്കാനാണ് തെഹ്റാന്‍ ലക്ഷ്യമിടുന്നത്.
മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രധാന താവളങ്ങളില്‍ നിന്ന് ചില ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയുടെ സൈനിക ഇടപെടല്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് രണ്ട് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അവരിലൊരാള്‍ പറഞ്ഞു. ഇടപെടാനുള്ള തീരുമാനം ട്രംപ് എടുത്തിട്ടുണ്ടെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനും വെളിപ്പെടുത്തി; എങ്കിലും ഇതിന്റെ വ്യാപ്തിയെക്കുറിച്ചോ സമയത്തെക്കുറിച്ചോ വ്യക്തത വരാനുണ്ട്.
മേഖലയിലെ ഏറ്റവും വലിയ യുഎസ് താവളമായ അല്‍ ഉദൈദ് എയര്‍ ബേസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ മാറ്റം, ‘നിലവിലെ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കുള്ള പ്രതികരണമായി നടത്തുന്നതാണ്’ എന്ന് ഖത്തര്‍ അറിയിച്ചു. ചില ഉദ്യോഗസ്ഥരോട് ബേസ് വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ചതായി മൂന്ന് നയതന്ത്രജ്ഞര്‍ അറിയിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇറാന്റെ മിസൈല്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്നത് പോലെ, വന്‍തോതില്‍ സൈനികരെ ബസുകളില്‍ കയറ്റി ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്കോ ഷോപ്പിംഗ് മാളിലേക്കോ മാറ്റുന്നതിന്റെ സൂചനകളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇറാനിലെ പുരോഹിത ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലില്‍ അവിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക പ്രതിസന്ധികള്‍ക്കെതിരെയുള്ള പ്രകടനങ്ങളായി രണ്ടാഴ്ചമുമ്പ് ആരംഭിക്കുകയും കഴിഞ്ഞ ദിവസങ്ങളില്‍ അതിവേഗം തീവ്രമാവുകയും ചെയ്ത ഈ ജനകീയ പ്രക്ഷോഭത്തെ, 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും അക്രമാസക്തമായ സാഹചര്യമായാണ് ഇറാനും പാശ്ചാത്യ രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചതായി ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ മരണസംഖ്യ 2,600 കടന്നതായാണ് ഒരു മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്.






