മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അമ്മമാരാണ്; ഉത്തര്‍പ്രദേശിലെ പോലീസ് നടപടിക്ക് കയ്യടിയും വിമര്‍ശനവും; പെണ്‍കുട്ടികളെ ശല്യം ചെയ്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റു ചെയ്തു; അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച് ആണ്മക്കള് നന്നാകുമോ എന്നും ചോദ്യം

ലക്നൗ: മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്് ഓര്‍മപ്പെടുത്തുകയാണ് ഉത്തര്‍പ്രദേശിലെ പോലീസ്.
ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് യുപി പോലീസ് ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ആണ്മക്കള് ചെയ്ത കുറ്റത്തിന് എന്തിന് അമ്മമാരെ അറസ്റ്റു ചെയ്തെന്ന ചോദ്യമുയര്‍ത്തി ചിലര്‍ പോലീസിനെ വിമര്‍ശിക്കുന്നുണ്ട്. അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച ആണ്മക്കള് നന്നാകുമോ എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ യുപി പോലീസ് പറയുന്നത് മക്കളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്നു തന്നെയാണ്.
ഉത്തര്‍പ്രദേശിലെ ബുദാനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യംചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കള്‍ക്ക് നല്ല സംസ്കാരവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നുനല്‍കാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് വിശദീകരിക്കുന്നു.
എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ നാല് ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടര്‍ന്നതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത(ബിഎന്‍സ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 13 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കുകയും ഇവരെ കേസില്‍ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചെന്നും പോലീസ് അറിയിച്ചു.
അതേസമയം, കുട്ടികളുടെ പ്രവൃത്തിക്ക് അവരുടെ അമ്മമാരെ അറസ്റ്റ്ചെയ്ത യുപി പോലീസിന്റെ നടപടിക്കെതിരേ നിയമവിദഗ്ധരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പോലീസ് അമ്മമാരെ കുറ്റവാളികളായിട്ടല്ല മറിച്ച് കുറ്റവാളികളെ തിരുത്താന്‍ ബാധ്യതപ്പെട്ടവര്‍ അതു ചെയ്യാതിരുന്നതിനാണ് അറസ്റ്റ് ചെയ്തതെന്ന് അറസ്റ്റിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
മക്കള്‍ ചെയ്യുന്ന ദുഷ്കര്‍മങ്ങള്‍ക്ക് അച്ഛനമ്മമാര്‍ അനുഭവിക്കേണ്ടി വരുമെന്ന പണ്ടുള്ളവര്‍ പറയാറുള്ളത് യുപിയില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.






