Breaking NewsHealthIndiaLead NewsNEWSNewsthen Special

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിപ്പിക്കലല്ല കടിച്ച കൊതുകിനെക്കൊണ്ട് മുന്‍സിപ്പാലിറ്റിയിലെത്തി; കൊതുകിനെ കൊന്ന് കവറിലാക്കി ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നിലെത്തിച്ച് യുവാവ്; കൊതുകിനെ പോസറ്റുമോര്‍ട്ടം ചെയ്ത് ഡോക്ടര്‍മാര്‍

 

ഛത്തീസ്ഗഢ്: ഒരു കൊതുകുതിരിയും ആ യുവാവിന്റെ രക്ഷക്കെത്തിയില്ല. കൊതുക് കടിച്ചുപൊൡച്ചപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ സഹിക്കവയ്യാതെ കടിച്ച കൊതുകിനെ പിടികൂടി കൊന്ന് കവറിലാക്കി നേരെ മുന്‍സിപ്പാലിറ്റിയിലേക്ക് ചെന്നു. കൊതുകുനശീകരണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ക്ക് മുന്നില്‍ കൊന്ന കൊതുകിന്റെ ജഡം കവറിലാക്കി എത്തിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം.

Signature-ad

ഛത്തിസ്ഗഡിലെ റായ്പൂരിലുള്ള വാമന്‍ റാവു ലാഖേ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് ഇന്ത്യക്കാകെ നാണക്കേടായിക്കൊണ്ട് കൊതുകുസംഭവമുണ്ടായത്. ദോലാല്‍ പട്ടേല്‍ എന്നയാളാണ് കൊതുകിനെ കൊന്ന് കവറിലാക്കി അധികാരികള്‍ക്ക് മുന്നിലെത്തിയത്. കൊതുകിന്റെ ശല്യം രൂക്ഷമാണെന്നും അസഹനീയമാണെന്നും ഇവ ഡെങ്കിപ്പനി പോലുള്ള മാരക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളാണെന്നുമാണ് ദോലാല്‍ പട്ടേല്‍ പറഞ്ഞത്. മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നില്‍ ഇയാളെന്തിനാണ് ചത്ത കൊതുകുമായി എത്തിയതെന്ന ചോദ്യത്തിനും പട്ടേല്‍ തന്നെ വ്യക്തമായ ഉത്തരം തരുന്നു.

 

താന്‍ ആദ്യം ഒരു ഡോക്ടറെ കണ്ടിരുന്നെന്നും അദ്ദേഹം കൊതുകുകളെ പരിശോധിക്കണമെന്ന് പറഞ്ഞുവെന്നുമാണ് എക്സില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പട്ടേല്‍ ഹെല്‍ത്ത് ഓഫീസറിനോട് പറയുന്നത്. ഈ ഉപദേശം ഗൗരവമായി എടുത്ത പട്ടേല്‍ കൊതുകുകളെ കൊന്ന് പ്ലാസ്റ്റിക്ക് കൂടിലാക്കി മുന്‍സിപ്പല്‍ ഓഫീസിലെത്തുകയാണ് ഉണ്ടായത്. സാമൂഹിക പ്രവര്‍ത്തകനായ വിജയ് സോനയ്ക്കൊപ്പമാണ് ഇദ്ദേഹം ഹെല്‍ത്ത് ഓഫീസറുടെ മുന്നിലെത്തിയത്. സംഗതി സംപിളല്ല എന്ന് തിരിച്ചറിഞ്ഞതോടെ അധികം വര്‍ത്തമാനത്തിിനൊന്നും നില്‍ക്കാതെ അധികൃതര്‍ ഡോക്ടര്‍മാരെ വിളിപ്പിച്ച് കൊതുകുകളുടെ പരിശോധന നടത്തി. ഒരു ചെറിയ പോസറ്റുമോര്‍ട്ടം. എന്നാല്‍ പരിശോധനയില്‍ ഇവ ഡെങ്കി വഹിക്കുന്നവയല്ലെന്ന് കണ്ടെത്തി.

രോഗവാഹകരായ കൊതുകുകളല്ലെങ്കിലും ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കൊതുകുശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പട്ടേല്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയത്. പട്ടേലിന്റെ പരാതിക്ക് പിന്നാലെ പ്രദേശത്ത് ഫോഗിങും ആന്റി ലാര്‍വല്‍ സ്പ്രേയിങും കര്‍ശനമായി നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടു.

പട്ടേലും കൊതുകും സോഷ്യല്‍മീഡിയയില്‍ തരംഗമായതോടെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ആകാശ് തിവാരി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികൃതരുടെ അശ്രദ്ധ മൂലം ജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്നും ആളുകള്‍ക്ക് കൊതുകിനെ പിടിച്ചുകൊണ്ട് ഓഫീസുകളില്‍ വരേണ്ട അവസ്ഥ വരെ കാര്യങ്ങളെത്തിയെന്നും അദ്ദേഹം പറയുന്നു. മുന്‍സിപ്പാലിറ്റിയിലെ സ്ഥിതി ഇതാണെങ്കില്‍ നഗരത്തിലെയും ഈ സംസ്ഥാനത്തെയും സ്ഥിതി എന്താണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.

 

 

ഛത്തീസ്ഗഢില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും ഈ പ്രശ്‌നം രൂക്ഷമാണ്. കൊതുകു ശല്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കേണ്ടവര്‍ അലംഭാവം കാണിക്കുമ്പോള്‍ ഇതുപോലുള്ള പട്ടേലുമാര്‍ ഇനിയും അധികാരികള്‍ക്ക് മുന്നിലെത്തുമെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ പറയുന്നു…
പട്ടേല്‍ ഇന്ത്യന്‍ ഭരണാധികാരികളെ ഓര്‍മപ്പെടുത്തുന്നത്…..
കൊതുകു കടി കൊള്ളുക എന്നത് അപകടകരമായ കാര്യമാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ പോലുള്ള പല അസുഖങ്ങളും പടരാന്‍ കാരണം കൊതുകു കടിയാണ്. റെസിഡന്‍ഷ്യന്‍ ഏരിയകളിലടക്കം കൊതുകുകളെ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈ എടുക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ പൗരനും ഉള്ളതുപോലെ ബന്ധപ്പെട്ട അധികൃതര്‍ക്കുമുണ്ട്. പലയിടങ്ങളിലും ഇത് കൃത്യമായി പാലിക്കപ്പെടാറില്ലെന്നതാണ് വാസ്തവം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: