മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന നടിയുടെ മൊഴി കോടതിതന്നെ തള്ളിയത്; നിരന്തരം ആശംസാ സന്ദേശങ്ങളും അയച്ചു; ബാലചന്ദ്ര മേനോനെതിരേ ഉന്നയിച്ച ആരോപണവും എട്ടുനിലയില്‍ പൊട്ടി; നടി പോക്‌സോ കേസില്‍ അറസ്റ്റിലുമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മുകേഷിനെ വച്ചു പ്രതിരോധിച്ചാല്‍ പൊളിയുമെന്ന് നിയമവിദഗ്ധര്‍
ആലുവ സ്വദേശിനിയായ നടിയാണ് 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മുകേഷിനെതിരേ രംഗത്തുവന്നത്. എത്രവര്‍ഷം മുമ്പ് പീഡിപ്പിച്ചാലും കേസ് നിലനില്‍ക്കും. എന്നാല്‍, ഇതിന് ആനുപാതികമായി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണു കോടതി തന്നെ സംശയങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ നല്‍കിയ രണ്ടു മൊഴികളിലും വൈരുധ്യമുണ്ടെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബാലചന്ദ്ര മേനോന് എതിരായ കേസ് കോടതി തള്ളുകയും ചെയ്തു.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡനക്കേസ് പ്രതിരോധിക്കാന്‍ നടനും എംഎല്‍എയുമായ എം. മുകേഷിന്റെ
കേസ് ഉയര്‍ത്തിക്കാട്ടുന്നത് അടിമുടി പൊളിയുമെന്നു നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. മുകേഷ്, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരടക്കം നിരവധിപ്പേര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതും ഇതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ സംശയം ഉന്നയിച്ചതും പരിഗണിക്കുമ്പോള്‍ കേസ് പണത്തിനു വേണ്ടി കെട്ടിച്ചമച്ചതെന്ന സൂചനയിലേക്കാണു നീങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആലുവ സ്വദേശിനിയായ നടിയാണ് 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മുകേഷിനെതിരേ രംഗത്തുവന്നത്. എത്രവര്‍ഷം മുമ്പ് പീഡിപ്പിച്ചാലും കേസ് നിലനില്‍ക്കും. എന്നാല്‍, ഇതിന് ആനുപാതികമായി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണു കോടതി തന്നെ സംശയങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ നല്‍കിയ രണ്ടു മൊഴികളിലും വൈരുധ്യമുണ്ടെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബാലചന്ദ്ര മേനോന് എതിരായ കേസ് കോടതി തള്ളുകയും ചെയ്തു.
മുകേഷ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തുന്നതിനും ആറുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നിട്ടുള്ളതെന്നു വ്യക്തമാണ്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നപ്പോഴും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നില്ല. മാത്രമല്ല, 2022ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു മുകേഷിനു പരാതിക്കാരി വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു എന്നതും കോടതി ചൂണ്ടിക്കാട്ടുന്നു. പുതുവത്സര ദിനത്തില്‍ മുകേഷിന് അയച്ച ആശംസാ സന്ദേശവും കേസില്‍ തിരിച്ചടിയാകും.
നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളില്‍ ബലാത്സംഗം നടന്നു എന്നതിനു തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിലെ വൈരുധ്യത്തിനു കാരണം ബോധിപ്പിക്കാനും കഴിഞ്ഞിട്ടില്ല. 2024 ഓഗസ്്റ്റ് 29ന് ആണ് മുകേഷ് ജാമ്യ ഹര്‍ജി നല്‍കിയത്. ഇതിനുശേഷം മുപ്പതിനു വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വൈരുധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയത്.
2010ല്‍ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറില്‍ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയില്‍ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറില്‍ക്കയറ്റി അവരുടെ ആലുവയിലെ ഫ്‌ലാറ്റില്‍ തിരികെ കൊണ്ടുവിട്ടത്. ഇതില്‍ എവിടെയാണ് നിര്‍ബന്ധിത ലൈംഗിക പീഡനം എന്നതാണ് കോടതി ഉയര്‍ത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം 2022-ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവര്‍ മുകേഷിന് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസില്‍ നടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയാണ്.
പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാള്‍ക്ക് സാധാരണ നിയമവശങ്ങള്‍ അറിയില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. കേസില്‍ മുകേഷിന് ജാമ്യവും അനുവദിച്ചു.
സ്ത്രീയെ വിശ്വസിപ്പിച്ചു വഞ്ചിച്ചെന്നോ, ബ്ലാക്ക്‌മെയില്‍ ചെയ്തു ലൈംഗികബന്ധം പുലര്‍ത്തിയെന്നോ, കല്യാണം കഴിക്കാമെന്നു പറഞ്ഞു ജീവിതം തകര്‍ത്തതോ, നിര്‍ബന്ധിത അബോര്‍ഷന്‍ നടത്തിയതോ ആയ കേസല്ല ഇവിടെയുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവതി ഉയര്‍ത്തിയ വിഷയങ്ങളുമായി സമാനതകള്‍ പോലുമില്ല. മാത്രമല്ല, ഇതേ നടിക്കെതിരേ ബന്ധുവായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തമിഴ്‌നാട് പോലീസ് പോക്‌സോ കേസെടുത്ത് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ അയയ്ക്കുകയും ചെയ്തു.
ബലാത്സംഗ കേസ് നേരിടുന്ന കോണ്‍ഗ്രസിന്റെതന്നെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, കോവളം എംഎല്‍എ വിന്‍സന്റ് എന്നിവരുമായിപ്പോലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെതന്നെ ജാമ്യഹര്‍ജിയില്‍ തനിക്കു പെണ്‍കുട്ടിയെ അറിയാമെന്നും അവരുമായി ബന്ധമുണ്ടായിരുന്നെന്നും സമ്മതിക്കുന്നുണ്ട്.
വാട്‌സപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച രാഹുല്‍ മാര്‍ച്ച് 17ന് യുവതിയുടെ തിരുവനന്തപുരത്ത് ഫ്‌ളാറ്റിലെത്തി ആദ്യമായി ബലാല്‍സംഗം ചെയ്‌തെന്നാണ് മൊഴി. അന്ന് മൊബൈലില്‍ നഗ്‌നദൃശ്യങ്ങളും ചിത്രീകരിച്ചു. ബന്ധം പുറത്ത് പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22ന് വീണ്ടും യുവതിയുടെ ഫ്‌ളാറ്റില്‍വെച്ചും മെയ് അവസാനം രാഹുലിന്റെ പാലക്കാടുള്ള ഫ്‌ളാറ്റിലെത്തിച്ച് രണ്ട് തവണയും പീഡിപ്പിച്ചെന്നാണ് മൊഴി.
ഇതിന് പിന്നാലെ കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഭ്രൂണഹത്യക്ക് നിര്‍ബന്ധം തുടങ്ങി. എതിര്‍ത്തപ്പോള്‍ ഫോണിലൂടെ അസഭ്യപ്രയോഗം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ മെയ് 30ന് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് തിരുവനന്തപുരത്ത് കാറില്‍ വെച്ച് മരുന്ന് കൈമാറി. വീട്ടില്‍ ചെന്ന് കഴിച്ചോളാമെന്ന് പറഞ്ഞപ്പോള്‍ ആ കാറിലിരുന്ന് കഴിക്കണമെന്ന് ആവശ്യപ്പെടുകയും രാഹുല്‍ വീഡിയോ കോളിലൂടെ കഴിക്കുന്നത് കണ്ട് ഉറപ്പിക്കുകയും ചെയ്‌തെന്നും മൊഴിയില്‍ പറയുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിചേര്‍ത്തു. ബലാല്‍സംഗമെന്ന പ്രധാന കുറ്റത്തിന് പുറമെ അധികാരസ്ഥാനത്തിരുന്നുള്ള ഉപദ്രവം, ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടുമുള്ള ബലാല്‍സംഗം, ആവര്‍ത്തിച്ചുള്ള പീഡനം തുടങ്ങി ബലാല്‍സംഗത്തിന്റെ നാല് ഉപവകുപ്പുകളും ചുമത്തിയിട്ടുണ്ട്. അശാസ്ത്രീയ ഭ്രൂണഹത്യയെന്ന ഗുരുതരകുറ്റവും നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് ഐ.ടി ആക്ടും ചുമത്തി.
രാഹുലിനെ ന്യായീകരിക്കുന്നവര്‍ വാദിക്കുന്ന വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമെന്ന കുറ്റം ചുമത്താതെ ഭ്രൂണഹത്യ പ്രധാന ആയുധമാക്കി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. ഇതിനു ജോബി മരുന്നു കൊണ്ടുകൊടുത്തു എന്നതുതന്നെ പ്രധാന തെളിവാകും. എവിടെനിന്നാണു മരുന്നു വാങ്ങിയത്, ഇതിനു ഡോക്ടറുടെ കുറിപ്പുണ്ടായിരുന്നോ, യുവതി ഭര്‍ത്താവില്‍നിന്നാണു ഗര്‍ഭിണിയായതെങ്കില്‍ എന്തിനു ജോബി മുഖാന്തിരം മരുന്നു കൊടുത്തയച്ചു എന്നീ കാര്യങ്ങളിലും രാഹുല്‍ മറുപടി പറയേണ്ടിവരും.






