Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘കെ.പി. കണ്ണന്റെ ലേഖനം അക്കാദമിക് സംശയങ്ങളെന്ന പേരില്‍ കുത്തിനിറച്ച രാഷ്ട്രീയ എതിര്‍പ്പും പകയും; എ.കെ. ആന്റണിയുടെ ആശ്രയ പദ്ധതിയെ വി.എസ്. സര്‍ക്കാര്‍ ഏറ്റെടുത്തത് എങ്ങനെയെന്ന് പഠിക്കണം’; രാഷ്ട്രീയ പകപോക്കല്‍ നടത്താത്ത ഇടതു സര്‍ക്കാരിനെയാണ് എഎവൈ കാര്‍ഡുകാര്‍ക്കു റേഷന്‍ നഷ്ടപ്പെടുമെന്ന യക്ഷിക്കഥ പറഞ്ഞു പേടിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ കുറിപ്പ്

മറ്റൊരു സര്‍ക്കാര്‍ പദ്ധതിയായി പരിമിതപ്പെടാതിരിക്കാന്‍ മിഷന്‍ മോഡില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആശ്രയ പദ്ധതിയുടെ നിര്‍വ്വഹണം പൂര്‍ണമായും കുടുംബശ്രീ മിഷനെ ഏല്‍പ്പിച്ചു. ആശ്രയ പുനരുധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബം എന്നത് ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ ക്ലേശ ഘടകങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടു.

തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടു സാമ്പത്തിക വിദഗ്ധന്‍ കെ.പി. കണ്ണന്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ കുറിപ്പ് അക്കാദമിക് സംശയങ്ങളെന്ന മട്ടില്‍ എഴുതിയ രാഷ്ട്രീയ എതിര്‍പ്പും പകയുമാണെന്നു സോഷ്യല്‍ മീഡിയയില്‍ ഇടതു ഹാന്‍ഡിലുകള്‍. ഈ വിഷയത്തില്‍ സജീവമായി കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന ജയപ്രകാശ് ഭാസ്‌കരനാണ് കെ.പി. കണ്ണന്റെ ലേഖനത്തിലെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നത്. മുമ്പും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച പല വിഷയങ്ങളിലും കെ.പി. കണ്ണന്റെ നിലപാട് ഇടതു സര്‍ക്കാരിനോടുള്ള പക വെളിപ്പെടുത്തുന്നതായിരുന്നു.

2002ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടപ്പിലാക്കിയ ആശ്രയ പദ്ധതിയെ അഭിനന്ദിക്കുന്ന കണ്ണന്‍, ആ പദ്ധതിക്കു പിന്നീടെന്തു സംഭവിച്ചെന്നും അന്വേഷിക്കണം. രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി മാറ്റുന്നതിനു പകരം അതേ പേരില്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ പിന്തുടരുകയാണു ചെയ്തത്. അഗതി-ആശ്രയ പദ്ധതിയുടെ മുഖ്യ ചുമതലക്കാരനും ഇതെഴുതുന്നയാളാണെന്നും ജയപ്രകാശ് പറയുന്നു. ആ സര്‍ക്കാരിനെയാണ് എഎവൈ കാര്‍ഡ് കാര്‍ക്ക് റേഷന്‍ നഷ്ടപ്പെടും എന്ന യക്ഷി കഥ പറഞ്ഞു വിദഗ്ദ്ധന്മാര്‍ പേടിപ്പിക്കുന്നതെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.

Signature-ad

 

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനായ കെ.പി. കണ്ണന്റെ ലേഖനം വായിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ചില അക്കാദമിക് സംശയങ്ങള്‍ എന്ന വ്യാജേനെ രാഷ്ട്രീയമായഎതിര്‍പ്പും പകയുമാണ് അദ്ദേഹം എഴുതി തീര്‍ത്തിരിക്കുന്നത്. 2002ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടപ്പിലാക്കിയ ആശ്രയ പദ്ധതിയെക്കുറിച്ച് അദ്ദേഹം പറയുന്നുമുണ്ട്.

 

അഗതി ആശ്രയ പുനരുധിവാസ പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ചതാണെന്നും അത് മികച്ചതായതുകൊണ്ട് പിന്നീട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അതിന് അവാര്‍ഡ് ലഭിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നുണ്ട്. എകെ ആന്റണിയുടെ ഭരണകാലത്ത് നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിന് എതിര്‍പ്പില്ലെന്ന് മാത്രമല്ല അഭിമാനവും ഉള്ളതായി തോന്നുന്നു. ദീര്‍ഘകാലം ‘ അഗതി – ആശ്രയ പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ഈയുള്ളവന്‍. അപ്പോള്‍ കണ്ണന്‍ സാറിനോട് ചില കാര്യങ്ങള്‍ പറയണം.

 

എ കെ ആന്റണിയുടെ കാലത്ത് പ്രതീകാത്മകമായി തുടങ്ങിവെച്ച അഗതി ആശ്രയ പദ്ധതി പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തത് എന്ന യാഥാര്‍ത്ഥ്യം കണ്ണന്‍ സാര്‍ മനസ്സിലാക്കണം. അതിനെ പരിഹസിച്ചില്ലാതാക്കി പുതിയ പേരിട്ടു പുതിയ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നില്ല ഇടതുപക്ഷം ചെയ്തത്. എന്നാല്‍ യുഡിഎഫ് ആകട്ടെ തികഞ്ഞ രാഷ്ട്രീയ വൈരത്തോടെ ജനകീയ ആസൂത്രണ പദ്ധതി എന്നതിന് പകരം കേരള വികസന പദ്ധതി എന്നൊക്കെ പേരുമാറ്റാന്‍ ശ്രമിക്കാറുണ്ട്.

 

തുടര്‍ന്ന് അധികാരത്തില്‍ വന്ന വിഎസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അഗതി ആശ്രയ പദ്ധതിയെ അതിന്റെ പേര് കൊണ്ട് മാത്രമല്ല അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ സ്പിരിറ്റ് ആന്‍ഡ് സബ്സ്റ്റന്‍സില്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കുകയാണ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആയിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെയും ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ അഗതി- ആശ്രയ പദ്ധതിയെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് ഇവിടെ പറയാം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഗതി ആശ്രയ പുനരധിവാസം എന്ന പേരില്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഭവന നിര്‍മ്മാണം അടക്കമുള്ള ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല.

 

എന്നാല്‍, വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഇഎംഎസ് പാര്‍പ്പിട പദ്ധതിയില്‍ ആശ്രയ കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. ലിസ്റ്റില്‍ എ കാറ്റഗറിയായി അവരെ ഉള്‍പ്പെടുത്തിയതിന് ശേഷമാണ് മറ്റു കുടുംബങ്ങളെ ഉള്‍പ്പെടുത്തിയത്. ആശ്രയ കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുകയാണ് നല്‍കിയത്. പൊതു വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് 75000 രൂപ നല്‍കിയപ്പോള്‍ ആശ്രയ കുടുംബങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയാണ് നല്‍കിയത്. ഭവന പുനരുദ്ധാരണ പദ്ധതി അടക്കമുള്ള എല്ലാ പദ്ധതികള്‍ക്കും ആശ്രയ ഗുണഭോക്താക്കള്‍ക്ക് പരമാവധി സബ്‌സിഡിയാണ് നല്‍കിയത്.!

 

(ഇതു വേണ്ടവിധം മനസ്സിലാക്കാതെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഈയുള്ളവനെതിരെ പ്രതികൂല പരാമര്‍ശം നടത്തിയ ഓഡിറ്റ് ഓഫീസര്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തി വിജയിച്ചിരുന്നു). എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് മുടക്കം കൂടാതെ നല്‍കുന്നതിന് ആവശ്യമായ ഫണ്ട് വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി. ആശ്രയ കുടുംബങ്ങള്‍ക്കായുള്ള പ്രോജക്ടുകള്‍ അംഗീകരിച്ചതിനുശേഷം മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മറ്റു പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കൂ എന്ന തീരുമാനമുണ്ടായി.

 

മറ്റൊരു സര്‍ക്കാര്‍ പദ്ധതിയായി പരിമിതപ്പെടാതിരിക്കാന്‍ മിഷന്‍ മോഡില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആശ്രയ പദ്ധതിയുടെ നിര്‍വ്വഹണം പൂര്‍ണമായും കുടുംബശ്രീ മിഷനെ ഏല്‍പ്പിച്ചു. ആശ്രയ പുനരുധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബം എന്നത് ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ ക്ലേശ ഘടകങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഈ പരിരക്ഷ നല്‍കിയത്. അഗതി ആശ്രയ പദ്ധതി സമ്പൂര്‍ണ്ണമായും ഒരു പുനരധിവാസ പദ്ധതിയായി വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ നടപടികളാണ് വിഎസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

 

തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ആശയ -പുനരുധിവാസ പദ്ധതി മികച്ച രീതിയില്‍ തന്നെ മുന്നോട്ടുപോയി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് അഗതി ആശ്രയ പുനരുധിവാസ പദ്ധതിക്കായി കൂടുതല്‍ പണം വകയിരുത്തുകയും കിറ്റ് വിതരണം മുടക്കം കൂടാതെ നടക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ആശ്രയ പദ്ധതി വേണമെങ്കില്‍ വൈന്‍ഡ് അപ്പ് ചെയ്യാമായിരുന്നു. എന്നാല്‍ പ്രത്യേക ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആ പട്ടികയില്‍ ഉള്‍പെട്ട ഒരു കുടുംബത്തിനും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇന്ന് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അഗതി ആശ്രയ പദ്ധതി കിറ്റ് വിതരണം കാണാനിടയായി.

 

ആ പഞ്ചായത്തില്‍ നിലവില്‍ 33 അതി ദരിദ്ര കുടുംബങ്ങളാണുള്ളത്. എന്നാല്‍ 244 അഗതി ആശ്രയ കുടുംബങ്ങളുണ്ട്. 244 കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റുകള്‍ ലഭിക്കുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം അഗതി ആശ്രയ പദ്ധതിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതായത് യുഡിഎഫ് ഭരണകാലത്ത് തുടങ്ങിവച്ച ഒരു പദ്ധതിയെ കൂടുതല്‍ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനമുള്ള രീതിയില്‍ നടപ്പിലാക്കുന്നതിനോടൊപ്പമാണ് ആശ്രയ പട്ടികയില്‍ പോലും ഉള്‍പ്പെടാന്‍ കഴിയാതെ പോയ സൂക്ഷ്മ ന്യൂനപക്ഷത്തെ കണ്ടെത്തി അവര്‍ക്ക് അതിജീവനാവശ്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ആ സര്‍ക്കാരിനെയാണ് എഎവൈ കാര്‍ഡ് കാര്‍ക്ക് റേഷന്‍ നഷ്ടപ്പെടും എന്ന യക്ഷി കഥ പറഞ്ഞു വിദഗ്ദ്ധന്മാര്‍ പേടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: