കരുവാരക്കുണ്ടിൽ കടുവയെ കണ്ടു, ബറോഡ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക്
കടുവയെ ആദ്യം കണ്ടത് വെള്ളച്ചാട്ടം കാണാൻ വന്ന യുവാക്കളാണ്. സൈലന്റ്‌വാലി ബഫർ സോണിൽനിന്നാണ് കടുവ ഇറങ്ങിയത്. മൂന്നാംദിവസവും കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ടാപ്പിങ് തൊഴിലാളികൾക്കും കർഷകർക്കും കൃഷിയിടത്തിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകി
മലപ്പുറം: കരുവാരക്കുണ്ട് കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം വ്യക്തമായതോടെ സമീപത്തെ ബറോഡ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾക്കു വിലക്ക് ഏർപ്പെടുത്തി.
വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലെ കൊക്കോ തോട്ടത്തിലാണ് കടുവയുള്ളത്. ഇതിലൂടെ സഞ്ചരിക്കുന്നത് അപകടമായതിനാലാണ് വെള്ളച്ചാട്ടം കാണാൻ പോകുന്നത് അധികൃതർ തടഞ്ഞത്. കുണ്ടോടയിൽ മലമുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന ചോലവെള്ളം പാറമുകളിൽനിന്നു പതിക്കുന്ന കാഴ്ച മനോഹരമാണ്. ഒഴിവുദിവസങ്ങളിൽ വീദൂരസ്ഥലങ്ങളിൽനിന്നുപോലും ഒട്ടേറെപ്പേരാണ് ഭക്ഷണവുമായി ഇവിടേക്കെത്തുന്നത്.
കടുവയെ ആദ്യം കണ്ടതും വെള്ളച്ചാട്ടം കാണാൻ വന്ന പാണ്ടിക്കാട് സ്വദേശികളായ യുവാക്കളാണ്. കടുവയെ കണ്ട സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വനപാലകർ.
കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കൊക്കോത്തോട്ടത്തിൽ കടുവ, പന്നിയെ കൊന്ന സ്ഥലത്താണ് ക്യാമറകൾ സ്ഥാപിച്ചത്. പന്നിയുടെ ജഡത്തിന്റെ ബാക്കി ഭാഗങ്ങൾ കഴിഞ്ഞ രാത്രി കടുവ ഭക്ഷണമാക്കിയിരുന്നു. കുണ്ടോടയിൽ കടുവയെ കുടുക്കാൻ കൂട് വെച്ചു. വൈകുന്നേരത്തോടെയാണ് ഫോറസ്റ്റ് അധികൃതർ കൂട് സ്ഥാപിച്ചത്. ഫോറസ്റ്റ് അധികൃതർ സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് കൂട് വെച്ചത്. കടുവ പിടിച്ച പന്നിയുടെ ജഡത്തിന്റെ പകുതിഭാഗം കഴിഞ്ഞദിവസം ഭക്ഷിച്ചതായി കണ്ടെത്തിട്ടുണ്ട്. ഇതോടെയാണ് കടുവ കുണ്ടോട പ്രദേശത്ത് തന്നെയുള്ളതായി സ്ഥിരീകരിച്ചത്.
കടുവയുടെ കൂട്ടിൽ ഇരയായി പട്ടിയെയാണ് ഇട്ടിട്ടുള്ളത്. പട്ടിയുടെ കരച്ചിൽ കേൾക്കുന്നതോടെ കടുവ കൂടിന് അടുത്ത് വരാനാണ് സാധ്യത. തുടർച്ചയായി മൂന്നാംദിവസമാണ് കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.
ടാപ്പിങ് തൊഴിലാളികളോടും സമീപത്തെ കർഷകരോടും കൃഷിയിടത്തിൽ ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിരുന്നു. കുണ്ടോടയ്ക്ക് സമീപമുള്ള സൈലന്റ്‌വാലി ബഫർ സോണിൽനിന്നാണ് കടുവ ഇറങ്ങിയിട്ടുള്ളത്. ഡ്രോൺ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതിനായി സൈലന്റ്‌വാലി ബഫർസോൺ അധികൃതരുടെ സഹായവും തേടിയിട്ടുണ്ട്.
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ മൂന്ന് ആടുകളെ കൊന്നതായി നാട്ടുകാർ. മുള്ളറയിൽ ഇറങ്ങിയ കടുവ ആര്യാടൻ അനീസിന്റെ മൂന്ന് ആടുകളെയാണ് കൊന്നത്. രണ്ടെണ്ണത്തിനെ കടിച്ചുകൊണ്ട് പോവുകയുംചെയ്തു. ഒരു ആടിന്റെ തല ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതാടെ സമീപവാസികൾ ഏറെ ഭീതിയിലാണ്.