Breaking NewsIndiaLead NewsNEWSNewsthen Specialpolitics

രാഹുല്‍ഗാന്ധി കര്‍ണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും വോട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ആദിത്യ ശ്രീവാസ്തവ എവിടെ? ലക്‌നൗവിലെ വീട്ടില്‍ ആളില്ല; അന്വേഷണവുമായി മാധ്യമ പ്രവര്‍ത്തകര്‍; 2024ലെ ക്രമക്കേടിനുശേഷം വോട്ടര്‍ പട്ടിക തിരുത്തി?

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആണ്. ആദിത്യയുടെ ചിത്രമടക്കമുള്ള ഇപിഐസി (ഇലക്‌ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് കര്‍ണാടകയിലും യുപിയിലും മഹാരാഷ്ട്രയിലും വോട്ടുണ്ടെന്നു രാഹുല്‍ തെളിയിച്ചു. വോട്ടര്‍ പട്ടികയിലെ തട്ടിപ്പിന്റെ ക്ലാസിക് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ആദിത്യയുടെ ഫോട്ടോയും ഇപിഐസി നമ്പര്‍ എന്നിവയും രാഹുല്‍ പുറത്തുവിട്ടു.

എന്നാല്‍, കര്‍ണാടകയിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഇയാളുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ആദിത്യയുടെ ഇപിഐസി നമ്പര്‍ നല്‍കിയാണ് പരിശോധിച്ചത്. കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരു പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ലക്‌നൗ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഈ പേരില്ല. ‘നോ റിസള്‍ട്ട് ഫൗണ്ട്’ എന്നു കാണിക്കുകയാണ് ഉണ്ടായത്.

Signature-ad

ALSO READ  ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തി എയര്ഫോഴ്സ് മേധാവി; പാക് എയര്ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ്

നിലവില്‍ ആദിത്യ ശ്രീവാസ്തവ ലക്‌നൗവിലെയും മഹാരാഷ്ട്രയിലെയും വോട്ടറല്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍ പട്ടികയാണ് രാഹുല്‍ഗാന്ധി ആധാരമാക്കിയത്. അതില്‍ കര്‍ണാടകയില്‍ രണ്ടിടത്തും മഹാരാഷ്ട്രയിലും ലക്‌നൗവിലും ഒരോതവണയും വോട്ടര്‍പട്ടികയില്‍ പേരുണ്ട്.

എങ്ങനെയാണ് ഈ പേര് അപ്രത്യക്ഷമായത് എന്നതിനും തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ നിരവധിതവണ വോട്ടര്‍പട്ടികയില്‍ പേരുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഒരു വ്യക്തിയുടെ പേര് ഒന്നിലേറെത്തവണ വോട്ടര്‍പട്ടികയില്‍ പെട്ടിട്ടുണ്ടെങ്കില്‍ നീക്കിയെന്നുമായിരുന്നു വിശദീകരണം. അക്കൂട്ടത്തില്‍ പെട്ടതാകണം ആദിത്യ ശ്രീവാസ്തവ എന്ന പേരും.

ഇതിനുപിന്നാലെ ആദിത്യയുടെ ലക്‌നൗവിലെ വീട്ടിലും ഇന്ത്യടുഡേ സംഘമെത്തി. ഇന്ദിര നഗറിലെ വിലാസത്തില്‍ എത്തിയപ്പോള്‍ ഇയാളുടെ കുടുംബം അവിടെയുണ്ടായിരുന്നില്ല. കുടുംബത്തിന്റെ പേരിലാണ് വസതിയെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ജോലിക്കും വിദ്യാഭ്യാസത്തിനുമായി ഇവിടെനിന്നു പോയെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ആദ്യം ഇവര്‍ മഹാരാഷ്ട്രയിലേക്കും പിന്നീടു കര്‍ണാടകയിലെ ബംഗളുരുവിലേക്കും പോയി.

കുടുംബത്തിലുള്ളവര്‍ ഇടയ്ക്കു വീട്ടിലെത്താറുണ്ടെങ്കിലും ഒരിക്കല്‍പോലും ആദിത്യയെ കണ്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. മുംബൈയില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ആദിത്യ, ബംഗളുരുവിലേക്കു മാറി. കുറേക്കാലം മതാപിതാക്കള്‍ ഈ വീട്ടിലുണ്ടായിരുന്നെങ്കിലും അച്ഛന്റെ മരണത്തോടെ പൂര്‍ണമായും ബംഗളുരുവിലേക്കു മാറിയെന്നും പറയുന്നു.

കര്‍ണാടകയിലെ മഹാദേവപുരയില്‍ നടന്ന ക്രമക്കേടിനെക്കുറിച്ചാണു രാഹുല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പലേക്ക് തയാറാക്കിയതാണ് വോട്ടര്‍ പട്ടിക. തെരഞ്ഞെടുപ്പ് ജയിക്കാനായി ബിജെപി ചെയ്തതാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തോടും അതേ നാണയത്തില്‍ രാഹുല്‍ പ്രതികരിച്ചിരുന്നു. താന്‍ നേരത്തേതന്നെ പാര്‍ലമെന്റില്‍ ഭരണഘടനവച്ച് സത്യംചെയ്തതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റുകള്‍ അടച്ചുപൂട്ടിയതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അതില്‍ പറയുന്നത്. ഞാന്‍ പാര്‍ലമെന്റില്‍ ഭരണഘടനയോട് സത്യംചെയ്തുകഴിഞ്ഞതാണ്. രാജ്യത്തെ ജനങ്ങള്‍ ഞങ്ങളിറക്കിയ ഡേറ്റയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്സൈറ്റ് അടച്ചുപൂട്ടി. പൊതുജനങ്ങള്‍ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍, അവരുടെ മുഴുവന്‍ ഘടനയും താറുമാറാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനറിയാം’, രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ തന്റെ വിശകലനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരമുള്ള സത്യാവാങ്മൂലത്തില്‍ ഒപ്പുവെയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. വോട്ടര്‍പ്പട്ടികയില്‍ തെറ്റായി ചേര്‍ത്തതോ നീക്കം ചെയ്തതോ ആയ പേരുകള്‍ സമര്‍പ്പിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. രാഹുല്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചില്ലെങ്കില്‍, അതിനര്‍ത്ഥം അദ്ദേഹം തന്റെ വിശകലനത്തിലും അതിന്റെ ഫലമായുണ്ടാകുന്ന നിഗമനങ്ങളിലും ‘അസംബന്ധമായ ആരോപണങ്ങളിലും’ വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കില്‍, അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും കമ്മിഷന്‍ പറഞ്ഞിരുന്നു.

rahul-gandhi-fake-voter-aditya-srivastava-three-states-india-tracks-house- Where is Aditya Srivastava, voter flagged by Rahul Gandhi?

Back to top button
error: