ഏപ്രിലില്‍ പ്രഖ്യാപിച്ച 10 ശതമാനത്തേക്കാള്‍ വര്‍ധനവ്; യുഎസുമായി വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് 15-20 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്, ചെറിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ്

വാഷിംഗ്ടന്‍: ട്രംപിന്റെ പ്രത്യേക വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതല്‍ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകത്തിന്, താരിഫ് 15 മുതല്‍ 20 ശതമാനം വരെയാകുമെന്നും ട്രംപ് പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിനേക്കാള്‍ വര്‍ധനവാണ് ഇപ്പോഴത്തെ കണക്കുകളില്‍ കാണിക്കുന്നത്. താരിഫ് നിരക്ക് 10 ശതമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ രാജ്യങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, നിരവധി രാജ്യങ്ങള്‍ യുഎസുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഇപ്പോഴത്തെ പരാമര്‍ശം.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ഉണ്ടായിരിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് ജൂലൈ ആദ്യം പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച ജപ്പാന് 15 ശതമാനവും ഇന്തൊനീഷ്യയ്ക്ക് 16 ശതമാനവും യൂറോപ്യന്‍ യൂണിയന് 15 ശതമാനവും തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബ്രസീല്‍, ലാവോസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ 40 ശതമാനവും 50 ശതമാനവും വരെ തീരുവ ചുമത്തുകയും ചെയ്തു.






