ഭോപ്പാല്‍ നവാബിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ ചെറുമകന് സെയ്ഫ് അലി ഖാനു നഷ്ടപ്പെടുമോ? നവാബിന്റെ മൂത്ത മകള്‍ക്ക് പാകിസ്താന് പൗരത്വം; ബന്ധുക്കളുടെ ഹര്‍ജിയില്‍ നടനു തിരിച്ചടി; സര്‍ക്കാരിന്റെ ‘ശത്രു സ്വത്ത്’ നിയമവും മറികടക്കേണ്ടി വരും; രാജകൊട്ടാരങ്ങള്‍ മുതല്‍ ബംഗ്ലാവുകള്‍വരെ കണക്കില്ലാത്ത ആസ്തിയില്‍ ഇനി നിയമയുദ്ധം
ഇപ്പോള്‍ ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഭോപ്പാല്‍ നഗരത്തിലെ നൂര്‍-ഉസ്-സബാഹ് കൊട്ടാരം, ഫ്ലാഗ്സ്റ്റാഫ് ഹൗസ്, കൊട്ടാരങ്ങള്‍, രാജകീയ ബംഗ്ലാവുകള്‍, സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മറ്റ് ഭൂമികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സ്വത്ത് നിലനിര്‍ത്താന്‍ പുതിയ നിയമ പോരാട്ടത്തിനും സെയ്ഫ് ഒരുങ്ങിയിറങ്ങണം

ന്യൂഡല്‍ഹി: ഹൈക്കോടതി വിധി തിരിച്ചടിയായതോടെ 15,000 കോടിയുടെ സ്വത്ത് നടന് സെയ്്ഫ് അലിഖാനു നഷ്ടപ്പെടുമോ? ഹരിയാനയിലെ പട്ടൗഡി നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഇഫ്തിക്കര്‍ അലി ഖാന്റെ ചെറുമകനും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാനെയും കുടുംബക്കാരെയും സ്വത്തിന്റെ അവകാശികളായി പ്രഖ്യാപിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇപ്പോള്‍ ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഭോപ്പാല്‍ നഗരത്തിലെ നൂര്‍-ഉസ്-സബാഹ് കൊട്ടാരം, ഫ്ലാഗ്സ്റ്റാഫ് ഹൗസ്, കൊട്ടാരങ്ങള്‍, രാജകീയ ബംഗ്ലാവുകള്‍, സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മറ്റ് ഭൂമികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സ്വത്ത് നിലനിര്‍ത്താന്‍ പുതിയ നിയമ പോരാട്ടത്തിനും സെയ്ഫ് ഒരുങ്ങിയിറങ്ങണം. കേസ് പുനപരിശോധിക്കാനും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ വിധി പുറപ്പെടുവിക്കാനാമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍, കേസിനൊപ്പം നടന് പുതിയ വെല്ലുവിളികളും നേരിടേണ്ടിവരും. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിനു വീട്ടില്‍വച്ചു കുത്തേറ്റു ഗുരുതര പരിക്കേറ്റിരുന്നു. ഈ സംഭവത്തിനുശേഷം സര്‍ക്കാരിന്റെ ‘ശത്രുസ്വത്ത്’ എന്നു മുദ്രകുത്തിയതിനെതിരേയും നിയമപരമായി നീങ്ങേണ്ടിവരും. ഇത് അത്ര എളുപ്പമല്ലെന്നാണു വിലയിരുത്തല്‍.
ഠ സെയ്ഫ് അലി ഖാന്: പട്ടൗഡിയിലെ നവാബ് (ഭോപ്പാലിലും?)
സെയ്ഫ് പട്ടൗഡിയിലെയും ഭോപ്പാലിലെയും നവാബാണോ എന്ന ചോദ്യത്തിന്, സാങ്കേതികമായി ‘അതെ’ എന്നാണ് ഉത്തരം. അമ്പത്തിനാലുകാരനായ ഖാന്, ഭോപ്പാലിലെ അവസാന നവാബായ ഹമീദുള്ള ഖാന്റെ ചെറുമകനാണ്. ഹമീദുള്ള ഖാന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ സെയ്ഫിന്റെ മുത്തശ്ശിയാണ്.
നവാബിന്റെ ആദ്യമകളായ ആബിദ സുല്‍ത്താന്‍ ബീഗം വിഭജനത്തിനുശേഷം പാകിസ്താനിലേക്കു പോയി. എന്നാല്‍, സാജിത സുല്‍ത്താന്‍ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചു. പിതാവിന്റെ പിന്‍ഗാമിയെന്ന നിലയില്‍ നവാബിന്റെ സ്വത്തുക്കളുടെ അവകാശവും സ്വീകരിച്ചു. ഇതു ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ 1962ല്‍ അനുവദിച്ചു നല്‍കിയിട്ടുമുണ്ട്. സ്വത്തുക്കള്‍ അവരുടെ പേരിലേക്കു മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം.
പിന്നീടു സാജിദ സുല്‍ത്താന്‍ പട്ടൗഡിയിലെ നവാബായിരുന്ന ഇഫ്തിക്കര്‍ അലി ഖാനെ വിവാഹം കഴിച്ചു. ഈ സ്വത്തുക്കള്‍ അവരുടെ മകന് മന്‍സൂര്‍ അലി ഖാനും പിന്നീട് ചെറുമകന് സെയ്ഫ് അലി ഖാനും കൈമാറി. ഇതുവരെ എല്ലാം കൃത്യമാണെങ്കിലും കഥാഗതി തിരിയുന്നത് ഇനിയാണ്.
ഠ ഹൈക്കോടതി തിരിച്ചടി
രണ്ടായിരത്തില്‍ മധ്യപ്രദേശ് വിചാരണക്കോടതി സെയ്ഫും കുടുംബവും- അമ്മ ഷര്‍മിള ടാഗോര്‍, സഹോദരിമാരായ സോഹ, സബ അലി ഖാന് എന്നിവര്‍ ഭോപ്പാല്‍ സ്വത്തുക്കളുടെ അവകാശികളെന്നു വിധിച്ചു. എന്നാല്‍, നവാബിന്റെ സ്വത്ത് മുസ്ലിം വ്യക്തി നിയമം അനുസരിച്ചു വിഭജിക്കണമെന്നു ഹമീദുള്ളയുടെ മറ്റു പിന്‍ഗാമികള്‍ തീരുമാനം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതി ഈ വാദം അംഗീകരിക്കുകയും പിന്തുടര്ച്ച അവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ ഇടയാക്കുകയും ചെയ്തു. വിചാരണക്കോടതിയുടെ വിധി റദ്ദാകുന്നതോടെ സെയ്ഫ് അലി ഖാന് ഹമീദുള്ള ഖാന്, സാജിദ സുല്‍ത്താന്‍ എന്നിവരില്‍നിന്ന് ലഭിച്ച സ്വത്തിന്റെ വലിയൊരു ഭാഗം നഷ്ടമാകുമെന്നതാണു സ്ഥിതി.
ഠ ‘ശത്രു സ്വത്ത്’ നിയമം
സെയ്ഫിന് നേരിടേണ്ടിവരുന്ന രണ്ടാമത്തെ വലിയ വെല്ലുവിളി സര്‍ക്കാരിന്റെ ‘ശത്രു സ്വത്ത്’ (എനിമി പ്രോപ്പര്‍ട്ടി) നിയമമാണ്. നവാബില്‍നിന്നു ലഭിച്ച സ്വത്തുക്കള്‍ 1968ലെ ശത്രുസ്വത്ത് നിയമം ബാധകമെന്നു ചൂണ്ടിക്കാട്ടി 2014ല്‍ ആണു സെയ്ഫിനു സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചത്. നവാബിന്റെ മൂത്ത മകളും സ്വത്തുക്കളുടെ സ്വാഭാവിക അവകാശിയുമായ ആബിദ സുല്‍ത്താന്‍ പാകിസ്താനിലേക്കു കുടിയേറി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതിനാല്‍ സ്വത്തുക്കള്‍ ‘ശത്രു’വിന്റേതായി കണക്കാക്കുമെന്നും സര്‍ക്കാരിനു പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇത് 1962ല്‍ നെഹ്റു സര്‍ക്കാര്‍ നല്കിയ അംഗീകാരത്തിനു കടക വിരുദ്ധമായിരുന്നു. ഇതിനെതിരേ സെയ്ഫ് കോടതിയെ സമീപിച്ചു താത്കാലിക സ്റ്റേ നേടി. എന്നാല്‍, 2024 ഡിസംബറില്‍ അദ്ദേഹത്തിന്റെ ഹര്‍ജി തള്ളി. സ്റ്റേ നീക്കുകയും ചെയ്തു. നടനും കുടുംബത്തിനും അപ്പീല്‍ നല്കാന് 30 ദിവസത്തെ സമയവും നല്കി.
ശത്രു സ്വത്ത് സംബന്ധിച്ച് 1968ലെ നിയമം സര്‍ക്കാര്‍ മുന്‍കൂര്‍ തീയതിയില്‍ റദ്ദാക്കിയശേഷം അത്തരം കേസുകള്‍ പരിശോധിക്കാന്‍ അപ്പീല്‍ അഥോറിട്ടിയെ നിയമിക്കുകയും ചെയ്തിരുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ‘എനിമി പ്രോപ്പര്‍ട്ടി’ കസ്റ്റോഡിയനാണ് ഇത്തരം കേസുകള്‍ പരിഗണിച്ചത്. ഇവര്‍ സാജിദ സുല്‍ത്താനെ അവകാശിയായി അംഗീകരിച്ചുകൊണ്ട് 1962ല്‍ സര്‍ക്കാര്‍ നല്കിയ അംഗീകാരം റദ്ദാക്കി. ഡിസംബറില്‍ സെയ്ഫിന്റെ ഹര്‍ജി റദ്ദാക്കിയതിനു പിന്നാലെ 30 ദിവസം അപ്പീല്‍ സമയം നല്‍കിയിരുന്നെങ്കിലും 2025 ജനുവരി 16ന് നടനു കുത്തേറ്റു. ഏകദേശം ഒരാഴ്ച അദ്ദേഹത്തിന് ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. അതിനാല്‍ സെയ്ഫ് കൃത്യ സമയത്ത് അപ്പീല്‍ സമര്‍പ്പിച്ചോ എന്നതില്‍ വ്യക്തതയില്ല.
Explained: Why Saif Ali Khan Could Lose Rs 15,000 Crore Royal Legacy






