പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നടപ്പാക്കില്ല എന്ന് തന്നെയാണ്. രാജ്യത്ത് വാക്സിനേഷന് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി പറയുന്നു. എന്നാൽ അത് കേരളത്തിൽ നടപ്പാക്കില്ല. എൽഡിഎഫ് വടക്കൻ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സർക്കാർ എങ്ങനെ പൗരത്വ ഭേദഗതി നിയമം തടയും എന്ന് ചിലർ ചോദിക്കുന്നുണ്ട്. നിയമം ഇപ്പോൾ നടപ്പിലായോ എന്ന് പിണറായി ചോദിച്ചു. വർഗീയത പറഞ്ഞ് വികസന പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വർഗീയ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസിനെ നേരിടാൻ എന്നു പറഞ്ഞുകൊണ്ട് എസ്ഡിപിഐയെ സ്വീകരിക്കുന്നതും വർഗീയത ആണ്. സർക്കാർ ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ച ആഗ്രഹിക്കുന്നവരാണ് ജനങ്ങൾ. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.