MovieNEWS

ഇത് മോഹൻലാലിൻ്റെ വർഷം: ബറോസ്, എമ്പുരാൻ,വൃഷഭ, L360, ഒടുവിലിതാ ‘ദേവദൂതൻ’ 4k റീ റിലീസ്

    മോഹന്‍ലാലിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘ബറോസ്’ ഈ വർഷം റിലീസ് ചെയ്യും. പ്രഖ്യാപന സമയം മുതല്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ ‘ബറോസി’ലെ ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, 150 കോടിയിലേറെ  ചെലവിൽ അണിയിച്ചൊരുക്കുന്ന ‘എമ്പുരാൻ’ ഈ വർഷം തന്നെ എത്തും. 2019ലെ ബ്ലോക്ക്ബസ്റ്ററായ  ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാ’നിൽ മോഹൻലാൽ ഖുറേഷി അബ്‌റാം ആയി വീണ്ടുമെത്തും. അമേരിക്കയിലും യുകെയിലും ദുബായിയിലും  ലെ, ലഡാക്ക് മലനിരകളിലുമായി ചിത്രീകരിക്കുന്ന ‘എമ്പുരാൻ’ മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കും എന്നാണ് പ്രതീക്ഷ. യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന ഈ സിനിമയുടെ ലൊക്കേഷനുകൾ മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ്.

Signature-ad

കഥയും തിരക്കഥയും മുരളി ഗോപി. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തങ്ങളുടെ തുടർ വേഷങ്ങൾ അവതരിപ്പിക്കുന്നു.

മലയാള സിനിമയെന്ന നിലയിൽ മാത്രല്ല ‘എമ്പുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് നടക്കുന്നത്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന രജപുത്ര രഞ്ജിത്തിൻ്റെ L360 എന്ന ചിത്രമാണ് മോഹന്‍ലാല്‍ ഒടുവിൽ  അഭിനയിച്ചു പൂർത്തിയാക്കിയ സിനിമ. ഒരു സാധാരണ ടാക്സി ഡ്രൈവറായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.

മുമ്പ് ബോക്സോഫീസിൽ നിലം പതിച്ച മോഹൻലാൽ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു. 4kയിലാണ് ചിത്രം എത്തുന്നത്.

സിബി മലയിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിന്റോ കുര്യനാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. ‘ഐതിഹാസിക സംവിധായകൻ സിബി മലയിലിനൊപ്പം ദേവദൂതൻ റീ റിലീസ് ട്രെയ്‌ലർ എഡിറ്റിൽ…’ എന്ന കുറിപ്പോടെയാണ് ലിന്റോ ആരാധകരെ ആവേശത്തിലാക്കുന്ന ഈ വിശേഷം പങ്കുവെച്ചത്.

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ഉടൻ എത്തുമെന്ന് സംവിധായകൻ നന്ദ കിഷോർ അറിയിക്കുന്നു. ബജറ്റ് പ്രശ്നം മൂലം ‘വൃഷഭ’ ഉപേക്ഷിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയുടെ ചിത്രീകരണം പകുതിയിലേറെ പൂർത്തിയായെന്നും വിഎഫ്‍എക്സിന് പ്രധാന്യം നൽകിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാ ചിത്രത്തിന്റെ നിർമാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റംചെയ്ത് രാജ്യമൊട്ടാകെ റിലീസ് ചെയ്യും.

വൈകാരികതകൊണ്ടും വി.എഫ്.എക്സ്.കൊണ്ടും മികച്ച ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സഹ്‌റ എസ്. ഖാൻ നായികയായി അഭിനയിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു ആക്ഷൻ എന്റർടൈനർ ചിത്രമായിരിക്കും ‘വൃഷഭ.’

Back to top button
error: