ക്രിസ്‌തീയ ആത്മീയതയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളും അവർക്കുള്ള മുതിർന്നവരുടെ മറുപടിയുമായി ഒരു ഈസ്റ്റർ ഗാനം. കുവൈറ്റിലെ അബ്ബാസിയായിലെ ഏതാനും സംഗീതാസ്വാദകരുടെ സൗഹൃദക്കൂട്ടമാണ് ഈ വീഡിയോ ഗാനത്തിന് പിന്നിൽ. ‘കുരിശും പ്രതീക്ഷയും’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് നാല് വ്യത്യസ്‌ത ഭാഗങ്ങളുണ്ട്. കുരിശെന്ന് വെച്ചാലെന്താണെന്ന് ചോദിക്കുന്ന കുട്ടികളും അവർക്ക് മറുപടി പറയുന്ന മുതിർന്നവരുമാണ് ഗാനത്തിന്റെ ആദ്യഭാഗത്ത്.
‘തിരുഹൃദയം’ എന്നു വെച്ചാലെന്താണെന്ന് ചോദിച്ച് പാടുന്ന കുട്ടികളോടുള്ള മറുപടിയാണ് ഗാനത്തിന്റെ രണ്ടാം ഭാഗത്ത്. ഓരോ ഭാഗത്തിനും വെവ്വേറെ ട്യൂണുകൾ. വ്യത്യസ്‌ത പ്രായത്തിൽപ്പെടുന്ന കുട്ടികളാണ് ഓരോ ഗാനഭാഗത്തും.
സത്യം കൊണ്ട് സ്വാതന്ത്രരാവുക എന്നാൽ എന്താണെന്ന് സീനിയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ ചോദിച്ച് പാടുന്നു. അവർക്കുള്ള മറുപടിക്ക് ശേഷം കർമ്മനിരതരാവുന്ന കുട്ടികളെയാണ് ഗാനരംഗത്ത് കാണുക.
സുനിൽ കെ ചെറിയാനാണ് രചനയും സംഗീതവും. ലീന സോബൻ ഏകോപനം. ജിഷ ഡേവിസ് നൃത്തസംവിധാനം. അനൂപ് വാഴക്കുളം ഓർക്കസ്‌ട്രേഷൻ. അബ്ബാസിയായിലെ ഫ്ളാറ്റിൽ സജ്ജമാക്കിയ സ്റ്റുഡിയോയിൽ സോബൻ ജെയിംസ് റെക്കോഡ് ചെയ്ത ഗാനം ഒരു ഹോളിൽ വച്ചാണ് ചിത്രീകരിച്ചത്.
സെറാഫിൻ ഫ്രെഡി, കാരൾ ബിനോ, മിലിയ രാജേഷ്, ഒളീവിയ ജോസഫ്, ലാവണ്യ ജോസഫ്, സിജി ജിജോ, ഡെയ്‌സി ജോഷി, മറീന ജോസഫ്, ജൂലിയാന ജിമ്മി, മഞ്ജു ബൈജു, അജിമോൾ സുനിൽ, മേഴ്‌സി ജോൺ, സിൽവി മൈക്കിൾ, ഡോണ സോബൻ, ലിയ സോജൻ, ജൊഹാന ജിജോ, ജോബിന സോജൻ, ജിജോ ജോർജ്ജ്, റെജി മാത്യു, ജോഷി പോൾ, സിബി ജോസഫ്, ജോൺ പറമ്പൻ, ബൈജു ജോസഫ്, അനിൽ ജോസഫ്, റിജോയ് റാഫേൽ, കണ്ണൻ ശ്രീകുമാർ, തോമസ് വെട്ടുകാട് എന്നിവർ പങ്കെടുത്തു.