ചാന്ത്പൊട്ട് തെറ്റിധരിക്കപ്പെട്ട പേര്, പൊരുളും-ലാല്‍ ജോസ്
സംവിധായകന് കമലിന്റെ സംവിധാന സഹായികളായി മലയാള സിനിമയിലേക്ക് കടന്നു വന്നവരാണ് ലാല്‍ജോസും ദിലീപും. ഇരുവരുടേയും സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്, അത്ര തന്നെ കെട്ടുറപ്പും. ദിലീപ്-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെ വന്‍ വിജയമായ ചരിത്രവുമുണ്ട്. എന്നാലിപ്പോള്‍ ലാല്‍ ജോസ് ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നതും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നതും ഇരുവരുടേയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചാന്ത്പൊട്ട് എന്ന ചിത്രത്തിന്റെ പേരിലാണ്.
ചിത്രത്തിലെ നായക കഥാപാത്രമായ രാധാകൃഷ്ണന് ഒരു ട്രാന്സ്ജെന്റര് ആണെന്നും അത്തരക്കാരെ കളിയാക്കുന്ന വിധത്തിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ സംവിധായകന് ലാല്‍ജോസ് ഈയടുത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഈ ചോദ്യത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ചാന്ത്പൊട്ട് സിനിമയുടെ പേരില്‍ തന്നെ കടിച്ചു കീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന് എന്ന കഥാപാത്രം പുരുഷന് തന്നെയായിരുന്നു. ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രണയിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുള്ള സ്ത്രൈണത മാത്രമാണ്. അത് അവന് വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അവന്റെയൊപ്പമുള്ള പെണ്‍കുട്ടിയുമായി അവന് സെക്സ് ഉണ്ടാകുന്നുണ്ട്. അതില്‍ അവന് കുഞ്ഞ് പിറക്കുന്നുണ്ട്. ചാന്ത്പൊട്ട് ഒരു ട്രാന്സ്ജെന്ററിന്റെ കഥ ആണെന്ന് ഇപ്പോഴും ആളുകള്‍ പറയുന്നു. അത് എന്റെ പരാജയമാണ്. കൃത്യമായി
ഒരു ആശയം അവരിലേക്കെത്തിക്കുന്നതില് ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു-ലാല്‍ ജോസ് പറയുന്നു
ചിത്രം കണ്ട ശേഷം ട്രാന്‍സ് വിഭാഗത്തിലുള്ള ചിലര്‍ തന്നെ കണ്ടിരുന്നുവെന്നും ചിത്രത്തില്‍ മോശമായിട്ടോ അവരെ അവഹേളിക്കുന്ന തരത്തിലോ ഒന്നും തന്നെ ഇല്ലയെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നീട് അവരുടെ ചില പരിപാടികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ടെന്ന് ലാല്‍ ജോസ് അഭിമുഖത്തില്‍ പറയുന്നു.
ബെന്നി പി നായരമ്പലമാണ് ചാന്ത്പൊട്ടിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയിരുന്നു. ദിലീപ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്ന ചിത്രം കൂടിയാണ് ചാന്ത്പൊട്ട്. ബിജു മേനോന് നായകനായ നാല്‍പ്പത്തിയൊന്നാണ് ലാല്‍ ജോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.