IndiaNEWS

ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജാംബുവാ ജില്ലയിൽ ക്രിസ്തീയ ദേവാലയങ്ങളിൽ കാവി കൊടി നാട്ടിയ സംഭവത്തിൽ കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്. ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയാണ് വിവിധ പള്ളികൾക്ക് മുകളിലെ കുരിശില്‍ കെട്ടിയത്.

മധ്യപ്രദേശിലെ ജംബുവാ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച്‌ വ്യാപകമായി ഉത്തരേന്ത്യയില്‍ സ്ഥാപിക്കുന്ന കാവി കൊടികളുമായിട്ടാണ് തീവ്രഹിന്ദുത്വ വാദികളുടെ സംഘം എത്തിയത്. അമ്ബത് പേരടങ്ങുന്ന സംഘം പള്ളികളില്‍ അതിക്രമിച്ച്‌ കയറി കുരിശിന് മുകളില്‍ കൊടി കെട്ടുകയായിരുന്നു.

Signature-ad

ദാബ്തല്ലേ, ധംനി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി എസ് ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് പള്ളികമ്മിറ്റികള്‍ വ്യക്തമാക്കി.

അതേസമയം എന്തുകൊണ്ടാണ് നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്തവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത് വന്നു.സംഭവത്തിൽ കടുത്ത നടപടി വേണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

ഛത്തീസ്ഗഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വടക്കേ ഇന്ത്യയിൽ വൈദികര്‍ക്ക് നേരെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെയും ഉണ്ടാകുന്ന അതിക്രമങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

Back to top button
error: