ടീനയും വേലായുധന്‍ മാസ്റ്ററും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് തോമസ് പി. ജോസഫാണ് ശശീന്ദ്രന്റേയും മക്കളുടേയും മരണം സി.ബി.ഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മരണത്തെക്കുറിച്ചും ശശീന്ദ്രന്‍ സാക്ഷിയായ അഴിമതിക്കേസുകളും കൂടി സി.ബി.ഐ അന്വേഷിക്കണം എന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സി.ബി.ഐ അന്വേഷണ വിജ്ഞാപനം അത്തരത്തിലായിരുന്നില്ല.
അഴിമതികൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് വേലായുധന്‍ മാസ്റ്ററും ജോയി കൈതാരത്തും 2011 സെപ്റ്റംബറില്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ കോടതി അഭിപ്രായം ചോദിച്ചപ്പോള്‍ അനുകൂലമായാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫയലില്‍ എഴുതിയത്.ഈ സുപ്രധാന ഫയലാണ് 2018-ല്‍ ഹൈക്കോടതിയില്‍നിന്നു കാണാതായതും അതു വന്‍ വിവാദമായതും. ഫയല്‍ തിരിച്ചുകിട്ടിയെങ്കിലും ഹര്‍ജിക്കാരുടെ ആവശ്യം കോടതി അപ്പോള്‍ അംഗീകരിച്ചില്ല. സി.ബി.ഐ അന്വേഷണത്തില്‍ അഴിമതി എന്നൊരു വാക്കുപോലും ഉണ്ടായുമില്ല. അഴിമതി കേസ് കൂടി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് 2015 മെയ് 30-ന് വി.എസ്. അച്യുതാനന്ദന്‍ സി.ബി.ഐക്ക് എഴുതി. ഈ കാര്യത്തില്‍ ഹൈക്കോടതിയോ സംസ്ഥാന സര്‍ക്കാരോ ശുപാര്‍ശ ചെയ്യണം എന്നു വ്യക്തമാക്കി ജൂലൈ 29-ന് സി.ബി.ഐ മറുപടി നല്‍കി. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയപ്പോഴാണ് ഫയല്‍ കാണാതായ വിവരം പുറത്തു വന്നത്.
മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും മക്കളെയും കൊന്നതാണെന്ന ആരോപണത്തിന് പതിറ്റാണ്ടിന്റെ കഴക്കമുണ്ട്. മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും 2011 രണ്ട് മക്കളെയും ജനുവരി 24ന് കഞ്ചിക്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലബാർ സിമന്റ്സിലെ അഴിമതികളുടെ ബലിയാടാവുകയായിരുന്നു ശശീന്ദ്രനെന്നായിരുന്നു അന്ന് പുറത്തു വന്ന വിവരങ്ങൾ. ശശീന്ദ്രനിലൂടെ വിവരങ്ങൾ പുറത്താകുമെന്ന് ഭയന്നാണ് ഇയാളെ കൊലപ്പെടുത്തിയതാകാമെന്ന് ആരോപണങ്ങൾ അടക്കം ശക്തമായിരുന്നു.
പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനിലേക്കാണ് അന്ന് സംശയം നീണ്ടത്. ഒടുവിൽ കേസിൽ ചാക്ക് രാധാകൃഷ്ണനെ അറസ്റ്റു ചെയ്‌തെങ്കിലും അന്വേഷണം എങ്ങുമെത്താതെ പോയി. ഏറ്റവും ഒടുവിൽ മലബാർ സിമന്റ്‌സിലെ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നൽകിയ സിബിഐയെ കണക്കിനു വിമർശിച്ചു ഹൈക്കോടതിയും രംഗത്തുവന്നതോടെ തീർത്തും ദൂരുഹതകൾ നിറഞ്ഞ ആ കേസിലെ സത്യം ഇപ്പോഴും കാണാമറയത്താണ്.