ഈച്ചരവാര്യരുടെ ഒരു ചോദ്യമുണ്ട്.അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മകൻ മരിക്കുന്നതാണോ, മകൻ ജീവിച്ചിരിക്കുമ്പോൾ അച്ഛൻ മരിക്കുന്നതാണോ കൂടുതൽ വേദനാജനകമെന്ന്… എസ് സുധീപ് എഴുതുന്നു:
*
രാജസദസിൽ ഭാവി പ്രവചിക്കുന്ന ഒരാളെത്തി.
രാജാവിന്റെ ഭാവി പ്രവചിച്ചു:
– ആദ്യം അങ്ങു മരിക്കും, പിന്നെ മകൻ, അതിനുശേഷം പൗത്രൻ.
രോഷാകുലനായ രാജാവ് അയാളെ കൽതുറുങ്കിലടയ്ക്കാൻ ഉത്തരവിട്ടു.
അതു കേട്ട മന്ത്രി, രാജാവിനോടു ചോദിച്ചു:
– പ്രകൃതിനിയമം യഥാക്രമം പാലിക്കപ്പെടുന്ന ഒരു പ്രവചനത്തിൽ കോപിക്കാനെന്തിരിക്കുന്നു? ആദ്യം അച്ഛൻ, പിന്നെ മകൻ, ശേഷം പൗത്രൻ. ഇതു തന്നെയല്ലേ പ്രകൃതിനിയമവും…?
*
ഈച്ചരവാര്യർ പറയാതെ പറഞ്ഞ ഉത്തരം രണ്ടാമത്തെ കഥയിലുണ്ടെന്നു തോന്നും.
ആത്മാവിലൊരു ചിത ഓർമ്മിക്കുമ്പോൾ ആ തോന്നൽ ആത്മാവിലെ ചിതയിലെരിയും.
അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമന്നു നിശബ്ദമായ്
ഇത്തിരിച്ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ?
അച്ഛൻ മരിച്ചു കിടക്കുകയാണെന്നു തിരിച്ചറിയാതെ, ഉറങ്ങിക്കിടക്കുന്ന അച്ഛനു ചുറ്റും തന്റെ ചന്ദനപ്പമ്പരം തേടി നടക്കുന്ന വയലാർ കവിതയിലെ ആ കുഞ്ഞ്.
നൊമ്പരം കൊണ്ടു വിതുമ്പി ഞാൻ
എൻ കളിപ്പമ്പരം കാണാതിരുന്നതു കാരണം
ഒച്ചയുണ്ടാക്കുവാൻ പാടില്ല ഞാൻ
എന്നച്ഛനുണർന്നെണീക്കും വരെ
പച്ചപ്പിലാവിലത്തൊപ്പിയും വച്ചുകൊണ്ടച്ഛന്റെ
കൺപീലി മെല്ലെത്തുറന്നു ഞാൻ…
അന്നേരം വന്ന് അവനെ എടുത്തുകൊണ്ടുപോയ ആളോട് അച്ഛനെന്തേ ഉണരാത്തതെന്നു ചോദിക്കുന്ന കുട്ടി.
കുഞ്ഞിന്റെയച്ഛൻ മരിച്ചുപോയെന്നയാൾ
നെഞ്ഞകം പിഞ്ഞി പറഞ്ഞു മറുപടി
ഏതാണ്ടപകടമാണെന്നച്ഛനെന്നോർത്തു
വേദനപ്പെട്ട ഞാനൊന്നാശ്വസിച്ചുപോയ്
ആലപ്പുഴയ്ക്കു പോയെന്നു കേൾക്കുന്നതു
പോലൊരു തോന്നലാണുണ്ടായതപ്പൊഴും
ആലപ്പുഴയ്ക്കു പോയി വന്നാൽ അച്ഛൻ
എനിക്കാറഞ്ചു വാങ്ങിത്തരാറുള്ളതോർത്തു ഞാൻ
അച്ഛൻ മരിച്ചതേയുള്ളു
മരിച്ചതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ…
എന്നിട്ടുമങ്ങേ മുറിയ്ക്കകത്തെന്തിനാണമ്മ
കരയയുന്നതിപ്പൊഴും?
ചാരത്തു ചെന്നു ഞാൻ ചോദിച്ചിതമ്മയോട്
ആരാണു കൊണ്ടെക്കളഞ്ഞതെൻ പമ്പരം?
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞുപോയ്
കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ!
അച്ഛനപ്പുറത്തുണ്ടിത്തിരിമുമ്പു ഞാൻ
അച്ഛനെക്കണ്ടതാണുത്തരം നൽകി ഞാൻ
അമ്മ പറഞ്ഞു, മകനേ നമുക്കിനി
നമ്മളേയുള്ളു, നിന്നച്ഛൻ മരിച്ചുപോയ്…
പിന്നെ അച്ഛനെ ചിതയിലേയ്ക്കെടുക്കയാണ്. അമ്മ ബോധരഹിതയാകുന്നു. അവനൊന്നുമേ മനസിലാകുന്നില്ല.
ആ ചിതാഗ്നിക്കു വലംവച്ചു ഞാൻ
എന്തിനച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ?
ഒന്നും മനസിലായില്ലെനിക്കപ്പൊഴും
ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ…
ഇത്തിരി കൂടി വളർന്നു ഞാൻ
ആ രംഗം ഇപ്പൊഴോർക്കുമ്പോൾ
നടുങ്ങുന്നു മാനസം!
എന്നന്തരാത്മാവിനുള്ളിലെ തീയിൽ
വച്ചിന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ…
*
ഏതാണു വലിയ ദുഃഖമെന്ന ചോദ്യം വീണ്ടും ബാക്കിയാകുന്നു.
വളർന്നു വലുതായ ശേഷമാണ് ബാലചന്ദ്രമേനോന്റെ അച്ഛൻ മരിക്കുന്നത്. മരണവാർത്തയറിഞ്ഞു കരയുന്ന മേനോനോടു മകൻ ചോദിക്കുന്നുണ്ട്:
– അച്ഛനിതെന്താ, കൊച്ചുകുട്ടികളെപ്പോലെ…
മേനോൻ നൽകിയ മറുപടി ഇതായിരുന്നു:
– മരിച്ചത് നിന്റച്ഛനല്ലെടാ, എന്റച്ഛനാ…!
*
പല പ്രാവശ്യം മരണം വന്നു എന്ന് സി ആർ ഓമനക്കുട്ടൻ മാഷ് എഴുതിയിട്ടുണ്ട്.
കുട്ടിക്കാലത്തും പിന്നെ മാഷായപ്പോഴുമുണ്ടായ രണ്ടു മരണങ്ങൾ മാഷിന്റേതായിരുന്നു എന്നു മറ്റുള്ളവർ ധരിച്ച സംഭവങ്ങളെപ്പറ്റി എഴുതിയ ശേഷം മാഷ് ഇങ്ങനെ കുറിക്കുന്നു:
പിന്നെയും പല പ്രാവശ്യം മരണം വന്നു. ഞാനാണു മരിച്ചതെന്ന് ആരും തെറ്റായി ധരിച്ചില്ല. പക്ഷേ, ഞാൻ… ഞാൻ വിചാരിച്ചില്ലേ ഞാനാണു മരിക്കുന്നതെന്ന്? ശങ്കരൻകുട്ടി മകന്റെ മടിയിലേയ്ക്കു കുഴഞ്ഞു വീണു മരിക്കുമ്പോൾ, ജോൺ എബ്രഹാം കെട്ടിടത്തിൽ നിന്നു വീണു മരിക്കുമ്പോൾ, സുരാസു പ്ലാറ്റ്ഫോമിൽ തിരിച്ചറിയപ്പെടാതെ കിടന്നു മരിക്കുമ്പോൾ, ടി ആർ കടത്തിണ്ണയിൽ നീണ്ടുനിവർന്നു കിടന്നു മരിക്കുമ്പോൾ, വിക്റ്റർ അജ്ഞാതനായി റോഡിൽ മരിച്ചു കിടക്കുമ്പോൾ, ഇപ്പോൾ മാഞ്ഞാലിക്കുളം ഇടവഴിയിൽ ആരോരുമില്ലാതെ അയ്യപ്പൻ മരിച്ചുകിടക്കുമ്പോൾ മരണമെന്നെ സ്പർശിക്കുന്നു…
ആരു മരിക്കുമ്പോഴും മരിക്കുന്നതു താൻ കൂടിയാണ് എന്നു പറയുന്ന ഓമനക്കുട്ടൻ മാഷ്.
ആരും ആർക്കും പകരമാകുന്നില്ല. സത്യന്റെ സിംഹാസനം മാത്രമല്ല, എല്ലാ സിംഹാസനങ്ങളും ഒഴിഞ്ഞുതന്നെ കിടക്കും. സിംഹാസനങ്ങൾ ചക്രവർത്തിമാർക്കു മാത്രമെന്ന് ആരാണു പറഞ്ഞത്? കണ്ടുമുട്ടിയ, കേട്ടുമുട്ടിയ എത്രയോ സാധാരണക്കാരാണു നമ്മുടെയൊക്കെയും ജീവിതത്തിൽ ചക്രവർത്തീ പദങ്ങൾ അലങ്കരിച്ചതും അലങ്കരിക്കുന്നതും.
ആരും ആർക്കും പകരമാകുന്നില്ല. ആവുമായിരുന്നെങ്കിൽ ദോശമാവുകൊണ്ടു പുട്ടുണ്ടാക്കാമായിരുന്നു എന്നു പറഞ്ഞവളേ…