മംഗളൂരു: ഉഡുപ്പിയില്‍ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍തൃമാതാവ് 70കാരിയായ ഹാജിറയുടെ ആരോഗ്യവസ്ഥയാണ് മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ഉഡുപ്പി പൊലീസ് പറഞ്ഞു. മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റില്‍ കുത്തി. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വാതില്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ഹാജിറ മടിച്ചു. ഒടുവില്‍ പൊലീസ് വാതില്‍ ബലമായി തകര്‍ത്ത് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ ഹാജിറയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ഹാജിറ ഐസിയുവില്‍ തന്നെ തുടരുകയാണ്.