CrimeNEWS

ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കുത്തി കൊന്ന സംഭവം: പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് അന്വേഷണസംഘം

മംഗളൂരു: കർണാടക ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കുത്തി കൊന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുകയെന്ന ലക്ഷ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല. പ്രവാസിയുടെ വീട്ടിൽ നിന്ന് വില പിടിപ്പുള്ള വസ്തുക്കളൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.

ഇന്നലെ രാവിലെ 8.30നും ഒൻപതിനുമിടയിലാണ് സംഭവം നടന്നത്. പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാൻ(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നൂർ മുഹമ്മദിന്റെ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Signature-ad

മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുൺ കുമാർ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല. വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്. ഓട്ടോ റിക്ഷയിൽ എത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

മാസ്‌ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് വേണ്ടി അന്വേഷണം തുടരുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സൗദി അറേബ്യയിലാണ് ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

Back to top button
error: