വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. തലപ്പുഴ പേരിയ മേഖലയിലാണ് വെടിവയ്പ്പ് ഉണ്ടായത്. അര മണിക്കൂര്‍ നേരം വെടിവയ്പ്പ് തുടര്‍ന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തിലേക്ക് തിരിച്ചു. മേഖലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്നലെ വയനാട് – കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്ന് മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്ന ഒരാളെ തണ്ടര്‍ ബോള്‍ട്ട് സംഘം പിടികൂടിയിരുന്നു. പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തണ്ടർ ബോൾട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉള്‍ക്കാട്ടില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു പിടിയിലായ ആളുടെ ചുമതല എന്നാണ് പുറത്ത് വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.