KeralaNEWS

സര്‍ക്കാര്‍ സര്‍വീസില്‍ സൂപ്പർന്യൂമററിയായി പുനർ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സർക്കാർ സർവീസിൽ സൂപ്പർന്യൂമററിയായി പുനർ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 1999 ഓഗസ്റ്റ് 16 മുതൽ 2023 ഡിസംബർ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമിക്കുകയും പിന്നീട് 2013 ൽ സൂപ്പർന്യൂമററിയായി പുനർ നിയമനം ലഭിക്കുകയും ചെയ്ത ഭിന്നശേഷിക്കാരുടെ കാര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഈ വിഷയത്തിൽ സാമൂഹിക നീതി ഡയറക്ടർ 2020ൽ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് നിർദേശം.

സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2013 മേയ് 18 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ഭിന്നശേഷിക്കാർക്ക് പുനർനിയമനം നൽകിയതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഈ ജീവനക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്ന മുറയ്ക്ക് തസ്തികകൾ ഇല്ലാതാകും.

Signature-ad

ഇക്കാര്യം വ്യക്തമാക്കി 2016 ഫെബ്രുവരി 13 ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് സ്ഥിരം ജീവനക്കാരെപ്പോലെ സീനിയോറിറ്റി, പ്രൊബേഷൻ, സ്ഥാനക്കയറ്റം എന്നിവയ്ക്ക് നിലവിൽ അർഹതയില്ല. പ്രാരംഭ നിയമനം ലഭിച്ച വകുപ്പിൽ നിന്നും മറ്റൊരു വകുപ്പിലേയ്ക്കോ ജില്ലയിലേയ്ക്കോ സ്ഥലം മാറ്റം ലഭിക്കുകയുമില്ല. ആശ്രിത നിയമനം, കുടുംബ പെൻഷൻ എന്നിവയ്ക്കും അർഹതയില്ല. എന്നാൽ 2013 ഏപ്രിൽ മുതൽ സർവ്വീസിൽ കയറിയവർക്ക് പങ്കാളിത്ത പെൻഷന് അർഹതയുണ്ട്.

സൂപ്പർ ന്യൂമററി തസ്തികകളിൽ നിയമനം ലഭിച്ചവർക്ക് സ്ഥിരം ജീവനക്കാരെ പോലെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് 2020 ഡിസംബർ 22ന് പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്ന് സാമൂഹിക നീതി ഡയറക്ടർ അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേരള ഭിന്നശേഷി സൂപ്പർ ന്യൂമററി എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് നജീബ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Back to top button
error: