കേരളത്തിലെ ബ്രോഡ് ഗേജ് ട്രാക്കുകളില്‍ തീവണ്ടികള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. ഇത് ശരാശരി വേഗം മണിക്കൂറിൽ 40 മുതൽ 50 കി മി വരെയായി പരിമിതപ്പെടുത്തുന്നു.
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾക്ക് മണിക്കൂറിൽ ശരാശരി 70 കി മി വേഗതയാണുള്ളത്. വന്ദേഭാരത് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത ലഭിക്കണമെങ്കില്‍ നിലവിലെ ട്രാക്കുകളിലെ 626 വളവുകള്‍ നിവര്‍ത്തേണ്ടതായി വരും. അതിനു വരുന്ന ചെലവ് ഭീമമാണ്. വര്‍ഷങ്ങളുടെ സമയവുമെടുക്കും. നിലവിലുള്ള സര്‍വീസുകളെ ബാധിക്കാതെ നിര്‍മാണ പ്രവൃത്തി നടത്താനും പറ്റില്ല.
അതിനാൽ തന്നെ കേരളത്തിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ വളവുകള്‍ പരമാവധി കുറഞ്ഞ സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതിയാണ് ആവശ്യം. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ എത്താന്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ ആവശ്യമുള്ളപ്പോള്‍ സില്‍വര്‍ലൈനിന് മൂന്ന് മണിക്കൂര്‍ 19 മിനിറ്റ് മതി..
കേരളത്തിനു വേണ്ടത് രണ്ട് അധികപാതകളാണ്. അതില്‍ അതിവേഗ വണ്ടികള്‍ക്ക് ഓടാന്‍ സാധിക്കണം. വന്ദേഭാരതില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതും മറ്റു വണ്ടികളില്‍ യാത്ര ചെയ്യുന്നവരുടെ ദുരിതം കൂടുന്നതും ചേര്‍ത്തു വായിക്കേണ്ടതുണ്ട്.തിരക്ക് വളരെ കൂടിയ കേരളത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നതും പ്രയോഗികമല്ല.
കേരളത്തില്‍ റോഡ് മാര്‍ഗം സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയുന്നവരെ അതിവേഗ ഇന്റര്‍സിറ്റി സര്‍വീസുകളിലൂടെ പൊതു ഗതാഗത സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് സില്‍വര്‍ലൈനിന്റെ ലക്ഷ്യം.
വന്ദേഭാരതില്‍ ദിവസം 1200 പേരാണ് യാത്ര ചെയ്യുന്നത്. സില്‍വര്‍ലൈനില്‍ ദിവസം 80000 ല്‍ അധികം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ പത്തു ലക്ഷത്തോളം യാത്രക്കാരെ ഒരു ദിവസം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. കേരളത്തിനു മൂന്നാമത്തെയും നാലാമത്തെയും പാത എന്ന കാഴ്ചപ്പാടില്‍ തന്നെയാണ് സില്‍വര്‍ലൈന്‍ തുടക്കം മുതല്‍ വിഭാവന ചെയ്തിട്ടുള്ളതും.
ഡൽഹി – ഗാസിയാബാദ് – മീററ്റ് പാതയിൽ പുതുതായി അവതരിപ്പിച്ച മണിക്കൂറിൽ 180 കി മി വരെ വേഗതയിൽ ഓടുന്ന ‘നമോ ഭാരത് റാപിഡ് എക്സ്’ ട്രെയിനുകൾക്ക് ലഭിക്കുന്ന സ്വീകാര്യത അതിവേഗ യാത്രകളോടുള്ള ജനങ്ങളുടെ അഭിവാഞ്ജ വ്യക്തമാക്കുന്നു.അതിനാൽ നാമും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.