സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. അടുത്തിടെയായി സ്വർണ്ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇസ്രായേൽ – ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്വർണ നിക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം അര ലക്ഷത്തിന് മുകളിൽ നൽകേണ്ട അവസ്ഥയാണ്.
അതേസമയം, വില കുത്തനെ കൂടുമ്പോഴും സ്വർണ്ണക്കടകളിൽ തിരക്കിന് കുറവൊന്നുമില്ല. ആഗോള തലത്തിലുണ്ടാവുന്ന സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ നിക്ഷപകരെ സ്വർണ്ണം വാങ്ങി സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. കാരണം, കോവിഡ് മഹാമാരിക്കാലത്ത്, ആഗോള സാമ്പത്തിക സ്ഥിതി ദയനീയമാവുകയും, ഓഹരി വിപണികളുൾപ്പെടെ നഷ്ടത്തിലായപ്പോഴും സ്വർണം മുന്നേറ്റത്തിന്റെ പാതയിൽത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എന്നും നിക്ഷേപകരുടെ ഇഷ്ട ചോയ്‌സുകളിലൊന്നാണ് സ്വർണ്ണ നിക്ഷേപം.
രാജ്യത്ത് ഉയർന്ന സാമ്പത്തിക ആസ്തിയുള്ളവരുടെ നിക്ഷേപങ്ങളിൽ, സ്വർണ്ണത്തിന് പ്രധാനപങ്ക് ഉണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി കമ്പനിയായ നൈറ്റ് ഫ്രാങ്ക് നടത്തിയ സർവേ വ്യക്തമാക്കുന്നത്. രാജ്യത്തെ അതിസമ്പന്നർ അവരുടെ സമ്പത്തിന്റെ 6 ശതമാനവും സ്വർണ്ണനിക്ഷേപമാണ്. 2018 ൽ അതിസമ്പന്നരുടെ സ്വർണ്ണനിക്ഷേപം നാല് ശതമാനം മാത്രമായിരുന്നു.മാത്രമല്ല, ആഗോളതലത്തിൽ, അതിസമ്പന്നരായ ഇന്ത്യക്കാർ തങ്ങളുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം സ്വർണ്ണത്തിലാണ് വിനിയോഗിക്കുന്നതെന്നും സർവെയിൽ പറയുന്നു. ആഗോളതലത്തിലെ കണക്കെടുത്താൽ സ്വർണ്ണനിക്ഷേപത്തിൽ ഓസ്‌ട്രെലിയയാണ് മുൻപിൽ ഓസ്‌ട്രേലിയയിലെ അതിസമ്പന്നർ അവരുടെ വരുമാനത്തിന്റെ 8 ശതമാനം സ്വർണ്ണനിക്ഷേപത്തിനായാണ് നീക്കിവെക്കു്ന്നത്. എന്നാൽ ഇന്ത്യക്കാരും, ചൈനക്കാരും വരുമാനത്തിന്റെ 6 ശതമാനത്തോളം സ്വർണ്ണനിക്ഷേപത്തിനായി മാറ്റിവെക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ്ണനിക്ഷേപങ്ങൾ തിരിച്ചുനൽകുന്ന മികച്ച വരുമാനമാണ് സ്വർണ്ണ വിഹിതത്തിലെ വർദ്ധനവിന് പ്രധാന കാരണം. 2018 മുതൽ സ്വർണ വില 80 ശതമാനമാണ് ഉയർന്നത്. മുംബൈയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 2018ൽ 29,304 രൂപയായിരുന്നെങ്കിൽ, 2023 ൽ 10 ഗ്രാം സ്വർണ്ണവില 52,760 രൂപയാണ്.