കോട്ടയം പൊന്‍കുന്നത്ത് മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് കണ്ടെത്തൽ. ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോസിനെ (38) നരഹത്യാക്കുറ്റം ചുമത്തി പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി പത്തരയോടെ ഇളങ്ങുളം കൊപ്രാക്കളം ഗുഡ് സമരിറ്റൻ ആശുപത്രിക്ക് സമീപം പാട്രിക് ഓടിച്ചിരുന്ന താർ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ മരിച്ചു. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ്, പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത്, അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജീപ്പ് ദിശ തെറ്റി വന്ന് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കള്‍ ജോലിക്കു ശേഷം ഓട്ടോയില്‍ വീടുകളിലേക്കു മടങ്ങുകയായിരുന്നു.
പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ എൻ രാജേഷിന്റെ നേതൃത്വത്തിലാണ് പാട്രിക്കിനെ അറസ്റ്റ് ചെയ്തത്.