മാന്നാർ: ആലപ്പുഴയിൽ ഇന്നു പെയ്ത ഒറ്റ മഴയ്ക്ക് തോടായി മാറി റോഡ്. കനത്ത മഴയിൽ റോഡടക്കം മൂടിയതോടെ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി ജനങ്ങളും ദുരിതത്തിലായി. മാന്നാർ സ്റ്റോർ ജംഗ്ഷൻ മുതൽ കലതിയിൽ കലുങ്ക് വരെയുള്ള റോഡിലാണ് തോട് കവിഞ്ഞു റോഡിൽ വെള്ളം കയറി യാത്ര ദുസ്സഹമായത്. റോഡിൽ വെള്ളം കയറിയതോടെ വശങ്ങളിൽ ഉള്ള വീടുകളിലും വെള്ളം കയറി. ഇതോടെ ജനങ്ങളും ദുരിതത്തിലായി. അടുക്കളയിൽ ഉൾപ്പടെ വെള്ളം കയറിയത് കാരണം ഭക്ഷണം പാകം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പലരും.
കാരാഴ്മ മുതൽ മാന്നാർ തോട്ടുമുഖം വരെ നീളുന്ന തോട്ടിൽ മാലിന്യ നിക്ഷേപം കൂടുതലാണ്. ഈ മാലിന്യങ്ങൾ കെട്ടി കിടന്നും തോടിന്റെ വശങ്ങളിൽ ഉള്ള പുരയിടങ്ങളിലെ മരങ്ങൾ പലതും വളർന്നു തൊട്ടിലേക്ക് മറിഞ്ഞു കിടക്കുന്നതും തോടിനു കുറുകെ ആശാസ്ത്രീയമായി പണിതിട്ടുള്ള നടപ്പാലങ്ങളും കാരണം തോട്ടിലെ ഒഴുക്ക് നിലച്ചത് കാരണമാണ് ഇങ്ങനെ ഒരു ദുരിതത്തിലേക്ക് ജനങ്ങളെ തള്ളി വിട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഉൾപ്പടെ യുള്ള അതികാരികൾക്ക് പരാതി നൽകി എങ്കിലും ഒരു നടപടിയും ഇത് വരെ ഉണ്ടായില്ല എന്ന് പ്രദേശ വാസികൾ പറയുന്നു.
തോട്ടിൽ കെട്ടി കിടക്കുന്ന മാലിന്യങ്ങൾ കാരണം ഈ വഴിയിൽ വലിയ ദുരഗന്ധവുമാണ്. ഇത് കാരണം പല പകർച്ചവ്യാധി രോഗങ്ങളും പിടിപെടും എന്നുള്ള ആശങ്കയിലാണ് ജനങ്ങൾ തോട്ടിലെ മാലിന്യ നിക്ഷേപങ്ങൾ അവസാനിപ്പിക്കാനും ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ തോടിന്റെ വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുകയും തോടിന്റെ ആഴം കൂട്ടി ഈ ദുരിതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെടുന്നു.