TechTRENDING

ദാ കൊച്ചിയിൽ പറക്കും മനുഷ്യൻ! ജെറ്റ് സ്യൂട്ടിൽ 80 മൈൽ വരെ വേഗത്തിൽ അങ്ങ് പറക്കാമന്നേ…

കൊച്ചി: പറക്കണമെന്ന് ആഗ്രഹം പറയുന്ന സുഹൃത്തിനെ മറ്റ് സുഹൃത്തുക്കൾ ചേർന്ന് പൊക്കിയെടുത്ത് ആകാശത്തേക്ക് എറിയുന്നതും പിടിക്കുന്നതുമായ റീലുകൾ തരംഗമായിരുന്നു. അങ്ങനെ പറക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു ജെറ്റ് സ്യൂട്ട്. കൊച്ചിയുടെ ആകാശത്ത് പുത്തൻ കാഴ്ചയൊരുക്കിയിരിക്കുകയാണ് ജെറ്റ് സ്യൂട്ട് പ്രദർശനം. സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിൻറെ പതിനാറാം എഡിഷനിലാണ് പറക്കും മനുഷ്യനെ അവതരിപ്പിച്ചത്.

രണ്ട് ദിവസം നീണ്ടനിൽക്കുന്ന കൊക്കൂൺ ഫെസ്റ്റ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പൊരിവെയിലത്ത് ഹെലിപ്പാഡിന് ചുറ്റും ജനക്കൂട്ടം. വേദിയിൽ ഗവർണറടക്കം ഉന്നതരാണുള്ളത്. അവർക്കിടയിലേക്കാണ് പറക്കും മനുഷ്യൻ നടന്നെത്തിയത്. നടന്നുവന്നൊരു പൊസിഷനിൽ നിന്നു. പ്രത്യേക ആക്ഷനിൽ പറന്നുയർന്നു. സൈബർ ലോകത്തെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന കൊക്കൂൺ കോൺഫറൻസിൽ അങ്ങനെ ജെറ്റ് സ്യൂട്ട് താരമായി.

Signature-ad

റോബോർട്ടുകളും പുത്തൻ സാങ്കേതിക വിദ്യകളുമെല്ലാം പതിവുപോലെ കൊക്കൂണിലുണ്ട്. കേരളാ പൊലീസിൻറെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂൺ ഫെസ്റ്റ് നടത്തുന്നത്. സാങ്കേതിക വിദ്യയിലേയും, സൈബർ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങൾ രാജ്യത്ത് വേഗത്തിൽ പരിചയപ്പെടുത്താനായി എല്ലാ വർഷവും കേരള പൊലീസിൻറെ നേതൃത്വത്തിൽ നടത്തി വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസാണ് കൊക്കൂൺ.

ലോക സാങ്കേതിക വിദ്യയുടെ അത്ഭുതമായ വളർച്ചയെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾ അടക്കം കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യു കെയിലെ ഗ്രാവിറ്റി ഇൻഡസ്ട്രിയൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ട് കൊക്കൂണിൽ പ്രദർശിപ്പിച്ചത്. പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നിങ്ങനെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയിൽ 2017 ൽ ആണ് ഗ്രാവിറ്റി ഇൻഡസ്ട്രിയൽ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിയ്ക്കൂറിൽ 80 മൈൽ വരെ വേഗത്തിൽ ഇതിൽ പറക്കാനാകും. രാജ്യത്തെ ഇത്തരത്തിലുള്ള നവീന ആശയങ്ങൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നവീന സംരംഭങ്ങൾ കൊക്കൂൺ വേദിയിൽ എത്തിക്കുന്നത്.

Back to top button
error: