തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിൻറെ ഓഫീസിലെ നിയമനത്തട്ടിപ്പ് കേസിൽ ആരോപണം ഉന്നയിച്ച ഹരിദാസിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തും. മലപ്പുറം സ്വദേശിയായ ഹരിദാസിനോട് രേഖകൾ ഉൾപ്പെടെ ഹാജരാക്കി മൊഴി നൽകാൻ കൻറോൺമെൻറ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ പിഎ അഖിൽ മാത്യുവിൻറെ പരാതിയിലാണ് കേസ്. എന്നാൽ, അഖിൽ മാത്യു തന്നെയാണ് സെക്രട്ടറിയേറ്റിൻറെ സമീപംവച്ച് പണം വാങ്ങിയതെന്ന ഉറച്ച നിലപാടിലാണ് കൈക്കൂലി നൽകിയ ഹരിദാസ്.
അതേസമയം, ഹരിദാസിൻറെ മരുമകൾ കൈമാറിയ നിയമന ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. കത്തിലെ ലോഗോയും വാചകങ്ങളും ആയുഷ് കേരളം അയക്കുന്നതിന് സമാനമല്ല. ആയതിനാൽ ഇതിൻറെ നിജസ്ഥിതി അറിയാൻ ആരോഗ്യ കേരളത്തിൻറെ ഓഫിസിലും പരിശോധന നടത്തും. മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഗുരുതര ആരോപണം പുറത്ത് വന്നതിന് പിന്നാലെയാണ് അഖിൽ മാത്യു പൊലീസിൽ പരാതി നൽകിയത്. അഖിൽ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസൻ്റെ ആരോപണം.
സംഭവത്തിൽ പേഴ്സണൽ സ്റ്റാഫിനെ പൂർണ്ണമായും ന്യായീകരിച്ച ആരോഗ്യമന്ത്രി സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടെന്നും അറിയിച്ചു. അതിനിടെ, ഉടൻ നിയമന ഉത്തരവ് ലഭിക്കുമെന്നുള്ള ആയുഷ് വകുപ്പിനെ ഇ മെയിൽ ഹരിദാസൻ പുറത്തുവിട്ടു. ഇത് വ്യാജമെന്നാണ് ആയുഷ് വകുപ്പൻ്റെ വിശദീകരണം. ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും വെട്ടിലാക്കുന്നതാണ് നിയമനക്കോഴ വിവാദം. ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് മരുമകൾ ഡോ. നിതരാജ് അപേക്ഷിച്ചതിന് പിന്നാലെയാണ് അഖിൽ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നതെന്നാണ് മലപ്പുറം സ്വദേശി ഹരിദാസൻ്റെ ആരോപണം. അഞ്ച് ലക്ഷം നൽകിയാൽ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനം. 25000 രൂപ അഡ്വാൻസായി അഖിൽ സജീവിന് മാർച്ച് 24ന് ഗൂഗിൾ പേ ചെയ്തുവെന്നും ഹരിദാസ് പറയുന്നു.