ലാഹോർ: പാകിസ്ഥാനിൽ മൂന്നുമാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു. പഞ്ചാബ് പ്രവിശ്യയായ ലാഹോർ ഗുജ്ജർപ്പുരയിലാണ് സംഭവം. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. പിതാവിനെ താൻ കൊന്നുവെന്നും കഴിഞ്ഞ മൂന്നുമാസം നരകതുല്യ ജീവിതമായിരുന്നുവെന്നുമാണ് കൊലപാതകത്തിന് ശേഷം പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഉറങ്ങിക്കിടന്ന പിതാവിനെ പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു മകൾ വെടിവച്ച് വീഴ്ത്തിയത്. തയ്യൽ തൊഴിലാളിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെടിയേറ്റു വീണ ഇയാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടതായാണ് വിവരം. വെള്ളിയാഴ്ച പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിനെ വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്.
ഇയാളുടെ പ്രവർത്തിയുടെ ക്രൂരമായതിനാലാണ് എന്ന് വ്യക്തമാക്കിയായിരുന്നു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് മിയാൻ ഷാഹിദ് വധ ശിക്ഷ വിധിച്ചത്. മക്കളുടെ സംരക്ഷൻ എന്നതാണ് സ്വാഭാവികമായി പിതാവിന്റെ സ്ഥാനം. മറ്റാരെങ്കിലും ഉപദ്രവിച്ചാൽ രക്ഷതേടി മകൾ എത്തുന്ന ആൾ ആണ് പിതാവ്. എന്നാൽ രക്ഷകനാവേണ്ടതിന് പകരം പിതാവ് തന്നെ വേട്ടയാടുന്ന സ്ഥിതിയാണ് പെൺകുട്ടിക്ക് നേരിട്ടത്. അതിനാൽ തന്നെ മകളുടെ ആത്മാവിനെ അടക്കമാണ് പിതാവ് നശിപ്പിച്ചത് എന്ന് വ്യക്തമാക്കിയായിരുന്നു കോടതി വധശിക്ഷ വിധിച്ചത്. 2019 മാർച്ച് 30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.