മലയാള ചലച്ചിത്ര ലോകത്തെ രണ്ടായി പകുത്ത ചലച്ചിത്ര പ്രവർത്തകൻ. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ. ജി.ജോർജിനെ പെട്ടെന്ന് അങ്ങനെ വിശേഷിപ്പിക്കാം. പഴയകാല ചലച്ചിത്രങ്ങളെ ആധുനിക ചലച്ചിത്രാഖ്യാനങ്ങളിലേക്കു കൈ പിടിച്ചു നടത്തിയവരിൽ പ്രമുഖനാണ് അദ്ദേഹം. മറ്റാരും ധൈര്യപ്പെട്ടിട്ടില്ലാത്ത പല വഴികളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. അതെല്ലാം മലയാള സിനിമയ്ക്കു പുതിയ വ്യക്തിത്വം പകർന്നിട്ടു. മലയാളത്തിൽ സ്ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോർജാണെന്നു പറയാം. ആദാമിന്റെ വാരിയെല്ല് എന്ന ഈ ചിത്രം പുതു തലമുറ സംവിധായകരെയും വിസ്മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോർജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിൽ മലയാളത്തിന്റെ പാഠപുസ്തമായ സിനിമയെന്നു വിമർശകർ വിലയിരുത്തുന്ന യവനിക മറ്റൊരു നാഴികക്കല്ല്.
ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം. കാർട്ടൂണിസ്റ്റ് യേശുദാസന്റെ തിരക്കഥയിൽ തീർത്ത ഈ ചിത്രം, അഴിമതിയുടെ പൊതുഭണ്ഡാരമായി ഇന്നും നമുക്കു ചുറ്റുമുണ്ട്. ഇരകൾ,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ജോർജിന്റെ വേറിട്ട വഴിക്കാഴ്ചകളാണ്. കെ.ജി. ഗണേഷ് കുമാറിനെ മുഖ്യ കഥാപാത്രമാക്കി നിർമിച്ച ഇരകൾ മറ്റൊരു പരീക്ഷണം. ഗണേഷ് കുമാറിനെ ചലച്ചിത്ര ലോകത്തെത്തിച്ചതും ജോർജ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ കുളക്കാട്ടിൽ വീട്ടിൽ സാമുവേലിൻ്റെയും അന്നമ്മയുടെയും മകനായി 1945 മെയ് 24ന് ജനനം. തിരുവല്ല എസ്.ഡി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര സംവിധാനത്തിൽ പഠനം പൂർത്തിയാക്കി.
1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു. 1973-ൽ റിലീസായ നെല്ല് എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് സിനിമയിലെത്തിയ ജോർജ് ആദ്യമായി സംവിധാനം ചെയ്തത് 1976-ൽ റിലീസായ സ്വപ്നാടനം എന്ന സിനിമയാണ്. സ്വപ്നാടനം എന്ന സിനിമയ്ക്ക് മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഈ സിനിമയിലെ തിരക്കഥയ്ക്ക് കെ.ജി.ജോർജിനും പമ്മനും അവാർഡും പങ്കിട്ടു. 1992-ൽ റിലീസായ മഹാനഗരം എന്ന സിനിമയാണ് ഇദ്ദേഹം നിർമ്മിച്ച ഏക സിനിമ. 1998-ൽ റിലീസായ ഇലവങ്കോട് ദേശം എന്ന സിനിമയാണ് ജോർജ് അവസാനമായി സംവിധാനം നിർവഹിച്ച സിനിമ.
2000-ൽ ദേശീയ ഫിലിം ജൂറി അവാർഡ് അംഗമായും 2003-ൽ സംസ്ഥാന ചലച്ചിത്ര ജൂറി അധ്യക്ഷനായും 2006 മുതൽ 2011 വരെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ച ജോർജിന് 2016-ൽ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്തു. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.