KeralaNEWS

മമ്മൂട്ടിയുടെ നൂതന പദ്ധതി ഇനി മലപ്പുറത്തും: ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു

മലപ്പുറം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്വതന്ത്ര ജീവിതം സാധ്യമാക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തനരംഗത്തെ വ്യത്യസ്തമായ പദ്ധതിയായ ഇലക്ട്രിക് വീൽചെയറിന്റെ വിതരണം മലപ്പുറം ജില്ലയിലേക്ക് എത്തിച്ച് നടൻ മമ്മൂട്ടി. അദ്ദേഹം നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി കമ്പനികളിൽ ഒന്നായ യു.എസ്. ടി ഗ്ലോബലിന്റെ സഹായത്തോടെയാണ് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള പത്തോളം ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്.

നേരത്തെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിൽ ചടങ്ങ് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്നെ ഇത്തരത്തിൽ വേറിട്ട പ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് ചെയ്യാൻ സാധിക്കുന്നത് മലപ്പുറത്തിന് മാത്രമല്ല കേരളത്തിലെ എല്ലാ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഏത് വിഭാഗത്തിനും ഒരുപോലെ പ്രയോജനം ചെയ്യുന്നുണ്ടെന്നും അവ ഒത്തിരിയേറെ സന്തോഷം തരുന്നവയാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Signature-ad

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കര പാടം എന്നിവർ സംസാരിച്ചു. കെയർ ആൻഡ് ഷെയറിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തങ്ങളുമാർ അഭിനന്ദനം അറിയിച്ചു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീർ വളാഞ്ചേരി, സെക്രട്ടറി ഷമീർ മഞ്ചേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: