ന്യൂഡൽഹി: കേരളം കടമെടുത്തു മുടിയുന്നു എന്ന മട്ടിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കൊടുമ്പിരി കൊള്ളുകയാണ്.ഇതാ ചില കണക്കുകൾ.എല്ലാം 2021-22 ലെ യഥാർത്ഥ കണക്കുകളാണ്.അല്ലാതെ ബഡ്ജറ്റിലെ അവകാശവാദങ്ങളല്ല.
ആദ്യം ഉത്തർ പ്രദേശ്:
1. തനത് സംസ്ഥാന നികുതി വരുമാനം. 1,47,356 കോടി.
2. കേന്ദ്രനികുതിയുടെ വിഹിതവും ഗ്രാന്റും. 1,60,369 + 51,850 = 2,12,219 കോടി.
[സംസ്ഥാനം നേരിട്ട് പിരിക്കുന്ന നികുതിയുടെ 144% ആണ് കേന്ദ്രത്തിൽ നിന്ന് ഉത്തർ പ്രദേശിന് കൊടുക്കുന്നത്]
ഇനി കേരളം.
1. തനത് സംസ്ഥാന നികുതി വരുമാനം 58,341 കോടി
2. കേന്ദ്രനികുതിയുടെ വിഹിതവും ഗ്രാന്റും. 17,820 + 30,017 = 47,837 കോടി
[സംസ്ഥാനം പിരിക്കുന്ന നികുതിയുടെ 82% മാത്രമേ കേന്ദ്രം കേരളത്തിന് തരുന്നുള്ളൂ]
ഉത്തർ പ്രദേശിന് കൊടുക്കുന്ന അതേ അനുപാതത്തിൽ കേന്ദ്രം കേരളത്തിന് വിഹിതം തന്നിരുന്നെങ്കിലോ?
84,011 കോടി രൂപ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടിയേനേ! 34,176 കോടി രൂപ അധികം!!!
64,392 കോടി രൂപയാണ് 2021-22 ൽ കേരളം കടമെടുത്തത്. തുല്യമായ ബഡ്ജറ്റ് ചിലവുകളുമായി 28,218 കോടി രൂപയേ കടമെടുക്കേണ്ടി വരുമായിരുന്നുള്ളൂ കേരളത്തിന് ഉത്തർ പ്രദേശിന് സമാനമായ (144%) കേന്ദ്രസഹായം കിട്ടിയിരുന്നെങ്കിൽ!
75,751 കോടി രൂപ മാത്രമാണ് ഉത്തർ പ്രദേശിന് 2021-22-ൽ കടമെടുക്കേണ്ടി വന്നത്. കേരളത്തെപ്പോലെ തനത് നികുതിയുടെ 82% മാത്രമാണ് ഉത്തർ പ്രദേശിന് കേന്ദ്രവിഹിതം കിട്ടിയിരുന്നതെങ്കിൽ അവർക്ക് 1,20,831 കോടി രൂപ കടമെടുത്താലേ തുല്യമായ ബഡ്ജറ്റ് ചിലവ് സാധ്യമാവുമായിരുന്നുള്ളൂ!
എല്ലാ സംസ്ഥാനങ്ങളിലും നിന്ന് പിരിക്കുന്ന കേന്ദ്രനികുതികളുടെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ട ഭാഗം ജനസംഖ്യയും ദാരിദ്ര്യവും വികസനക്കുറവും ഉൾപ്പെട്ട അളവുകോലുകൾ ഉപയോഗിച്ച് വിഭജിച്ച് കൊടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ കേരളത്തിനെയും തമിഴ്നാടിനെയും അപേക്ഷിച്ച് ഉത്തർ പ്രദേശിനും ബിഹാറിനും മറ്റും അനുകൂലമായി നിൽക്കുന്നതിനാലാണ് കേരളത്തിന് കടമെടുക്കേണ്ടി വരുന്നതെന്ന വസ്തുത കൂടി ചർച്ചയിൽ വരേണ്ടതല്ലേ?
ബിഹാറിന് ലഭിക്കുന്നതിന്റെ അനുപാതത്തിൽ കേരളത്തിന് കേന്ദ്രവിഹിതം ലഭിച്ചാൽ നമുക്ക് ഇതേ വലിപ്പമുള്ള ബഡ്ജറ്റ് നടപ്പിലാക്കാൻ കടമെടുക്കേണ്ട ആവശ്യമേ വരില്ല!