മലപ്പുറം: ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്നാണ് ആഗ്രഹമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. കേരളത്തിൽ ബിജെപി വലിയ ശക്തിയല്ല. പ്രധാനമന്ത്രി ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചർച്ചയിൽ വരും. അതിനുമുമ്പ് അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽതുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം.
‘ഇന്ത്യ’യുടെ മുംബൈ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട. ഇതിനൊപ്പം തന്നെ ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും കൺവീനർ സ്ഥാനം ആർക്ക് എന്നതിലും ചർച്ചകൾ ഉണ്ടാകും. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനകം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച യോഗത്തിൽ ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പാണ്. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവിധ പാർട്ടികളും അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടന്നു കഴിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം അശോക് ഗലോട്ട് പറഞ്ഞത്. ഇതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അഖിലേഷ് യാദവിനായി സമാജ് വാദി പാര്‍ട്ടിയും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുമെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാകാനുള്ള സാധ്യതകൾ കുറവാണെന്നാണ് വ്യക്തമാകുന്നത്.