പത്തനംതിട്ട:ഓണത്തെ വരവേല്‍ക്കാൻ നാടും നഗരവുമൊരുങ്ങുമ്പോൾ ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു.ഓണവിപണി സജീവമായ വേളയിലാണ് കച്ചവടക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും ആശ്വാസമായി പച്ചക്കറി വില കുറയുന്നത്.
മഴയും വരള്‍ച്ചയുംമൂലം അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറിയുടെ വരവ് കുറഞ്ഞതോടെ രണ്ട് മാസം മുന്പുവരെ തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു.എന്നാൽ കത്തിക്കയറി നിന്ന തക്കാളി അടക്കമുള്ള പച്ചക്കറികൾക്ക് ഇപ്പോൾ വില പകുതിയിലും താഴെയായി.
300 എത്തിയിരുന്ന ഇഞ്ചിയ്ക്ക് ഇന്ന് 100-120 രൂപ വരെയാണ് വിപണി വില. 160 എത്തിയ തക്കാളി കിലോയ്ക്ക് 50-60 ബീൻസ് 90, മാങ്ങ 70, പാവയ്ക്ക് 50, പച്ചമുളക് 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ ഇന്നത്തെ വിപണി വില. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പച്ചക്കറി വില താഴ്ന്നതിനാല്‍ കച്ചവടം കൂടുതൽ മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.
അതേസമയം ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത വാഴയിലയ്ക്ക് വില ഉയർന്നു. നാല് രൂപയില്‍ നിന്ന വാഴയിലയ്ക്ക് രണ്ടു ദിവസം കൊണ്ട് ഏഴു രൂപയായി.