KeralaNEWS

മിത്തല്ല, ഞാൻ ഗണപതി ഭഗവാനെ നേരിൽ കണ്ടിട്ടുണ്ട്:അമേരിക്കൻ പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ്

ഗണപതി ഭഗവാൻ മിത്തല്ലെന്നും ഞാൻ നേരിൽ കണ്ടിട്ടുണ്ടെന്നും അമേരിക്കൻ പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ്.ഹിന്ദു പുരാണങ്ങള്‍ വെറും കെട്ടു കഥകളല്ല. അനുഷ്ഠിച്ച്‌ അനുഭവിക്കേണ്ട തത്വഖനികളാണെന്നും പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ് പറയുന്നു.
“ഞാന്‍ അമേരിക്കയില്‍ പ്രൊഫസര്‍ ആയിരുന്നു. ഒരിക്കല്‍ ഗണപതിയെക്കുറിച്ചുള്ള രണ്ടു ദിവസത്തെ കോഴ്സുകള്‍ എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ ഒരു ഗവേഷണം ചെയ്തുന്നതായിരിക്കും നല്ലതെന്ന് എനിക്കു തോന്നി. അങ്ങനെ ഞാന്‍ മഹാരാഷ്ട്രയില്‍ വന്നു. അവിടെ പൂനാ നഗരത്തിനു ചുറ്റുമായി ഒരു മണ്ഡലം പോലെ അഷ്ടഗണപതി മൂര്‍ത്തികളുടെതായി എട്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെ എല്ലായിടത്തും കൂടി കറങ്ങിവരാന്‍ ഒരു നാനൂറു കിലോമീറ്റര്‍ ദൂരം ഉണ്ടാവും. ഞാനും എന്‍റെ കുടുംബവും കൂടി ഈ എട്ടു ക്ഷേത്രങ്ങളിലും പോയി.
പിന്നെ ഞങ്ങള്‍ ഒരു യോഗിയുടെ സമാധി ക്ഷേത്രത്തില്‍ എത്തി. അതിനടുത്തായി അവിടെ ഭൂമിക്കടിയില്‍ ധ്യാനത്തിനായി ഒരു ഗുഹ നിര്‍മ്മിച്ചിട്ടുണ്ട്. ഞാന്‍ ഗുഹയ്ക്കുള്ളില്‍ ചെന്നു. അവിടെ ഒരു ചെറിയ എണ്ണവിളക്കല്ലാതെ വേറെ മൂര്‍ത്തികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ ഇരുന്നു.

എന്‍റെ കണ്ണുകള്‍ അരണ്ട വെളിച്ചവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടു. ഒരു ചുവരില്‍ ചാരി ഗണപതി ഭഗവാന്‍ നില്‍ക്കുന്നു ! അഞ്ചോ ആറോ അടി ഉയരം ഉണ്ടാവും. ഞാന്‍ ഇരിക്കുകയാണ്. ഭഗവാന്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ വലതു കാല്‍ ഇടതു കാലിനു കുറുകേ പിണച്ചു വച്ച്‌ ശ്രീകൃഷ്ണന്‍ നില്‍ക്കുന്ന പോലെയാണ് നില്‍ക്കുന്നത്. വലതു കൈയില്‍ അഭയ മുദ്രയും ഇടതു കൈയ്യില്‍ ഗദയും കാണുന്നു. ഞാന്‍ ഭഗവാനെ സൂക്ഷിച്ചു നോക്കി. ആ സമയത്ത് ഞാന്‍ ഗണപതിയെ കുറിച്ച്‌ ധാരാളം പഠനം നടത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹത്തിന് വലിയ ബ്രൗണ്‍ കണ്ണുകളായിരുന്നു. മൂര്‍ത്തികളെ കുറിച്ചുള്ള എന്‍റെ ധാരണ വച്ച്‌ അങ്ങനെ ആവാന്‍ കഴിയുമായിരുന്നില്ല.

ഗണപതിക്ക് ചെറിയ കണ്ണുകളാണ് കണ്ടിട്ടുള്ളത്. ആനയ്ക്ക് വലിയ തലയും ചെറിയ കണ്ണുകളുമാണുള്ളത്. ഞാന്‍ ഭഗവാനെ നോക്കി. തലയില്‍ കിരീടമുണ്ട്. കഴുത്തില്‍ ഒരു മാലയുണ്ട്. മഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്‍റെ കണ്ണുകളിലും അദ്ദേഹം എന്‍റെ കണ്ണുകളിലും നോക്കുന്നു. ഇത് പെട്ടെന്ന് മിന്നിമറഞ്ഞ ഒരു ഭ്രാന്തി ദര്‍ശനമായിരുന്നില്ല. എന്‍റെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്ത് ഞാന്‍ വ്യക്തമായും ഭഗവാനെ കാണുന്നുണ്ടായിരുന്നു.

Signature-ad

ഭഗവാന്‍ തന്‍റെ വലതു കൈയ്യിലെ അഭയമുദ്രയില്‍ ചെറുവിരല്‍ ഒഴികെയുള്ള വിരലുകള്‍ മടക്കുന്നതായി ഞാന്‍ കാണുന്നു. എന്നിട്ട് ഉയര്‍ന്നു കാണുന്ന ചെറു വിരല്‍ ചെറുതായി ഒന്നു കറക്കി. അതോടെ ചെറുവിരലിന് ചുറ്റുമായി പ്രകാശത്തിന്‍റെ ഒരു ചകം കാണായി വന്നു. ആ ചക്രത്തിനു മുകളില്‍ യോഗികള്‍ പത്മാസനത്തില്‍ ഇരിക്കുന്നു. ഭഗവാന്‍ ചെറുവിരല്‍ ഒന്നു തെറിപ്പിച്ചു.ആ പ്രകാശ ചക്രം വിരലില്‍ നിന്നും വേര്‍പെട്ടു പറന്ന് എന്‍റെ നേരെ പുറപ്പെട്ടു. അതോടെ ചക്രത്തിനു മുകളില്‍ ഇരുന്നിരുന്ന യോഗികള്‍ നീര്‍ക്കുമിളകള്‍ പോലെ ഉയര്‍ന്ന് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. ഇതെല്ലാം സംഭവിച്ചത് എനിക്ക് പൂര്‍ണ്ണ ബോധത്തോടെ ഞാന്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആ പ്രകാശചക്രം പറന്നു വന്ന് എന്‍റെ നെറ്റിയില്‍ തട്ടി. അടുത്ത ഒന്നര ദിവസം ഞാന്‍ ആനന്ദത്തിന്‍റെ കൊടുമുടിയിലായിരുന്നു.”

 

അവിടം കൊണ്ട് കഥ തീര്‍ന്നില്ല. ആ സമാധി ക്ഷേത്രത്തില്‍ വരുന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഗണേശ ഉപാസകനാണെന്നും എനിക്ക് വേണമെങ്കില്‍ ആ ക്ഷേത്രത്തെ കുറിച്ച്‌ എനിക്കുള്ള സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാമെന്നും ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം അദ്ദേഹം വന്നു. എന്താണ് എന്‍റെ ചോദ്യങ്ങള്‍ എന്നദ്ദേഹം ചോദിച്ചു. എനിക്ക് ഒരു ചോദ്യമേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞു. “വലതു കൈയ്യില്‍ അഭയ മുദ്രയും ഇടതു കൈയ്യില്‍ ഗദയും ധരിച്ച രണ്ടു കൈകളുള്ള ഗണപതിയുടെ രൂപം താങ്കള്‍ക്ക് അറിയാമോ ?” അദ്ദേഹം എന്നെ താല്‍പ്പര്യത്തോടെ നോക്കിയിട്ട് പറഞ്ഞു:

 

“ഭഗവാനെ കുറിച്ച്‌ രണ്ടു പുരാണങ്ങള്‍ ഉണ്ട്. ഒന്ന് ഗണേശപുരാണം. മറ്റൊന്ന് മുദ്ഗാല മഹര്‍ഷി എഴുതിയ മുദ്ഗാല പുരാണം. മുദ്ഗാല പുരണത്തില്‍ പറയുന്നത് കലിയുഗത്തില്‍ നാലു കൈകളുള്ള മഹാഗണപതിക്കായിരിക്കും പ്രസിദ്ധി എന്നാണ്. തന്‍റെ കൈകളില്‍ പാശം, അങ്കുശം, മോദകം, അഭയമുദ്ര എന്നിവ ധരിച്ച മഹാഗണപതി. ചിലപ്പോള്‍ മോദകത്തിനു പകരം മുറിഞ്ഞ തന്‍റെ കൊമ്ബാണ് കൈയ്യില്‍ കാണുക. എന്തായാലും നാലു കൈകള്‍ ഉണ്ടാകും. എന്നാല്‍ കലിയുഗത്തില്‍ കുറേക്കാലം പിന്നിടുമ്ബോള്‍ അദ്ദേഹം രണ്ടു കൈകളുള്ള അവതാരം എടുക്കും എന്ന് പറയുന്നു. ഒരു കൈയ്യില്‍ അഭയ മുദ്രയും മറ്റേ കൈയ്യില്‍ ഗദയും ധരിച്ച രൂപമാണ് പറയപ്പെട്ടിരിക്കുന്നത്.”

 

എന്‍റെ ചോദ്യം, എനിക്കെങ്ങനെ ഈ രൂപം കാണാന്‍ കഴിഞ്ഞു എന്നതാണ്. ഞാന്‍ അതിനു മുമ്ബ് ഒരിയ്ക്കലും ഇത് കേട്ടിട്ടുണ്ടായിരുന്നില്ല, ഒരിയ്ക്കലും ഒരിടത്തും വായിച്ചിട്ടുണ്ടായിരുന്നില്ല, അതിനു മുമ്ബ് അത്തരം ഒരു ഗണേശവിഗ്രഹവും കണ്ടിട്ടുമില്ല. എന്നാല്‍ ഭഗവാന്‍ ആ രൂപത്തില്‍ കലിയുഗത്തില്‍ വരുമെന്ന് പുരാണത്തില്‍ എഴുതിയിരിക്കുന്നു. അത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ എനിക്കറിഞ്ഞുകൂട. എന്നാല്‍ അങ്ങനെയൊരു അനുഭവമുണ്ടായി എന്നത് സത്യമാണ്. അത് ഏറ്റവും ആശ്ചര്യകരമായി തോന്നുന്നു-പ്രൊഫസർ പറയുന്നു.

(റേഡിയോ സായിയുടെ പ്രതിനിധിയോട് പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ് നടത്തിയ സംഭാഷണത്തിൽ നിന്നും)

Back to top button
error: