KeralaNEWS

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം; ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

കണ്ണൂർ:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മത്സരിക്കാനില്ലെന്ന് സുധാകരന്‍ പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം.അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കാനാണ് സുധാകരനന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2014 ല്‍ പികെ ശ്രീമതിയോട് തോറ്റെങ്കിലും 2019ല്‍ മണ്ഡലം തിരിച്ചു പിടിച്ച്‌ കെ സുധാകരന്‍ കരുത്തു കാട്ടിയിരുന്നു. 94559 വോട്ടിനായിരുന്നു കെ സുധാകരന്റെ ജയം. ഇത്തവണ സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ പകരമാരെന്ന ചോദ്യമാണ് കണ്ണൂരില്‍ ഉയരുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കൂറ്റിയുടെ പേരാണ് കണ്ണൂരില്‍ ഉയരുന്നത്. മാക്കൂറ്റിയെ മത്സരിപ്പിച്ചാല്‍ യുവജന പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയുമെന്നും പറയുന്നുണ്ട്.കെ സുധാകരനുമായി വലിയ അടുപ്പം റിജില്‍ മാക്കൂറ്റിക്കുണ്ട്. പക്ഷേ എടുത്തുചാട്ടം കൂടുതലുള്ള മാക്കൂറ്റിക്ക് സീറ്റ് കൊടുക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

Signature-ad

പണ്ട് ബീഫ് നിരോധന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന്റെ ഭാഗമായി പശുവിനെ പരസ്യമായി അറുത്ത സംഭവത്തില്‍ വലിയ പ്രതിഷേധം റിജിലിന് നേരിടേണ്ടി വന്നിരുന്നു. പിന്നാലെ നടന്ന ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പുകളിലും റിജിലിന്റെ ഈ വീഡിയോ ഉത്തരേന്ത്യയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

റിജില്‍ അല്ലെങ്കില്‍ പരിഗണനയിലുള്ളത് കണ്ണൂര്‍ മേയര്‍ ടി ഒ മോഹനനാണ്. മോഹനനന്റെ ജനകീയത വോട്ടായി മാറുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്.മറ്റൊരു സാധ്യത പുറത്തുനിന്നൊരു നേതാവിനെ കണ്ണൂരില്‍ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതാണ്. എം ലിജു അടക്കമുള്ളവരെ ഇത്തരത്തില്‍ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന ചര്‍ച്ചകള്‍ സജീവമാണ്.കണ്ണൂരിലെ മുന്‍ എംപിയും മുന്‍ കെപിസിസി അധ്യക്ഷനുമൊക്കെയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും കണ്ണൂരില്‍ പരിഗണനയിലുണ്ട്.

Back to top button
error: