കോട്ടയം: ദേശീയതലത്തിൽ നടക്കുന്ന സമ്പൂർണ വാക്സിനേഷൻ തീവ്രയജ്ഞത്തിന്റെ ജില്ലാതല യോഗം ഈരാറ്റുപേട്ടയിൽ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്സിനേഷനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലയായ കോട്ടയത്ത് വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ, പാറത്തോട് ഗ്രാമപഞ്ചായത്തുകളിൽ രാഷ്ട്രീയ മത സംഘടനകൾ യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഉദ്യമം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരഭവൻ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ അധ്യക്ഷ സുഹറാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തി. ഇന്നു മുതൽ 12 വരെ ജില്ലയിലുടനീളം പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും രണ്ടാം ഘട്ട ക്യാമ്പുകൾ സെപ്റ്റംബർ 11 മുതൽ 16 വരെയും, മൂന്നാം ഘട്ട ക്യാമ്പുകൾ ഒക്ടോബർ 9 മുതൽ 14 വരെയും നടക്കുമെന്നും ഡി എം ഓ അറിയിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ സഹ്ലാ ഫിർദൗസ്,ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. സി.ജെ സിതാര, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, മെഡിക്കൽ ഓഫീസർ ഡോ രശ്മി പി ശശി, നഗരസഭാംഗങ്ങളായ അനസ് പാറയിൽ, ലീന ജെയിംസ്, മുസ്ലിം ജമാ അത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് സക്കീർ, രാഷ്ട്രീയ നേതാക്കളായ അൻവർ അലിയാർ, അനസ് നാസർ , കെ എൻ ഹുസൈൻ മുഹമ്മദ് ഹാഷിം ,ഹിലാൽ വെള്ളൂപ്പറമ്പിൽ യൂസഫ് ഹിബ ,അഡ്വ. ജെയിംസ് ജോസ് സന്നദ്ധ സംഘടനാ പ്രതിനിധികളായ ഫസിൽ വെള്ളൂപ്പറമ്പിൽ , കെ.കെ. അഷറഫ് എന്നിവർ പ്രസംഗിച്ചു.
ജനനം മുതൽ അഞ്ചു വയസുവരെ കുഞ്ഞുങ്ങൾ 11 തരം വാക്സിനുകളാണ് നിർബന്ധമായും സ്വീകരിക്കേണ്ടത്. ഇവ പൂർണമായും സൗജന്യമായി, മികച്ച ശീതീകരണ ശൃംഖല ക്രമീകരിച്ചുകൊണ്ട്, മികച്ച പരിശീലനം സിദ്ധിച്ച നഴ്സുമാരാണ് നൽകുന്നത്. ഇവ കൃത്യമായും പൂർണമായും സ്വീകരിക്കേണ്ടത് 11 മാരകരോഗങ്ങളിൽനിന്നു സുരക്ഷ നേടുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ കുട്ടികൾ സ്വീകരിക്കേണ്ട പല വാക്സിനുകളും കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിപ്പോയിരിക്കുന്നതായി ദേശീയതലത്തിലുള്ള സർവ്വേകൾ സൂചിപ്പിക്കുന്നതായും ഇത് കുട്ടികളുടെ ആരോഗ്യത്തെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:എൻ.പ്രിയ അറിയിച്ചു.
അഞ്ചു വയസുവരെ സ്വീകരിക്കേണ്ട വാക്സിനുകൾ മുടങ്ങിയ കുഞ്ഞുങ്ങളെ ആശാ പ്രവർത്തകരുടെ സന്ദർശനത്തിലൂടെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ജൂലൈ മാസം പൂർത്തീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ 182 കുട്ടികൾ പൂർണമായി വാക്സിൻ ഡോസുകൾ സ്വീകരിച്ചിട്ടില്ലെന്നും 30 കുട്ടികൾ ഒരു വാക്സിനും സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ജില്ലയിൽ ഈരാറ്റുപേട്ട നഗരസഭ, പാറത്തോട്, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ വാക്സിനേഷൻ പ്രചാരണം ശക്തമാക്കുമെന്ന് ഡി.എം.ഓ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾക്കടുത്തും ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രവർത്തനങ്ങൾക്ക് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണയും സഹായവും ഡിഎംഓ അഭ്യർത്ഥിച്ചു.