ബ്രിസ്റ്റിയെ പുറത്തിറക്കാന്‍ ചലച്ചിത്രതാരവും പോലീസ് ഓഫീസറും രംഗത്ത്
വാഗമണ്‍ ലഹരി മരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രിസ്റ്റിയെ പുറത്തിറക്കാന്‍ ഇടപെടല്‍ നടത്തിയവരുടെ കൂട്ടത്തില്‍ മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്ന് സൂചന. വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച കേസിലാണ് ബ്രിസ്റ്റിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാനാണ് താരവും പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടത്. കേസില്‍ ആദ്യം ബ്രിസ്റ്റിയെ സ്റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ കേസ് കൂടുതല്‍ മാധ്യമശ്രദ്ധ നേടി ചര്‍ച്ചാ വിഷയം ആയതോടെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ചലച്ചിത്ര താരം വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നുവെന്നും ബ്രിസ്റ്റിയുമായി അടുപ്പമുള്ള ഇദ്ദേഹം ബ്രിസ്റ്റിയെ പുറത്തിറക്കാന്‍ തന്റെ സ്വാധീനം ഉപയോഗിക്കുകയുമായിരുന്നു. ബ്രിസ്റ്റിയുടെ കൈയ്യില്‍ നിന്നും വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞാണ് പോലീസ് ആദ്യം ഇവരെ വിട്ടയച്ചതെന്നും പിന്നീട് ഉന്നതസംഘം കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ബ്രിസ്റ്റിക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിച്ച് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു
ബ്രിസ്റ്റിക്ക് കൊച്ചിയിലെ ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥനറിയാമെന്നും, ബ്രിസ്റ്റി പോലീസിന്റെ ഇന്‍ഫോര്‍മര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് ഇവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയുമായിരുന്നു. ചില കേസുകളില്‍ ബ്രിസ്റ്റി പോലീസിനെ സഹായിച്ചിട്ടുമുണ്ടെന്നും പറയുന്നു. വാഗമണ്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഏതാനം ചിലരില്‍ നിന്നു മാത്രമാണ് ലഹരി മരുന്ന് കണ്ടെത്തിയിട്ടുള്ളത്. അല്ലാത്തവരെ കേസ് എടുക്കാനാവാതെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ സാംപിള്‍ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ തിരിച്ച് വിളിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.