ദില്ലി : പ്രതിപക്ഷ എതിർപ്പിനിടെ, ഡിജിറ്റൽ വിവര സുരക്ഷ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പൗരൻമാരുടെ വ്യക്തിവിവരങ്ങളിൽ സർക്കാർ കൈകടത്താൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് ബിൽ അവതരണം. മണിപ്പൂർ വിഷയത്തിലെ ബഹളം നിർത്തിയാണ് പ്രതിപക്ഷം ബില്ലവതരണത്തെ എതിർത്തത്. ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിൽ അവതരിപ്പിച്ചത്.
ഏറെ ചർച്ചകൾക്ക് വഴിവെച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്‌റ്റിൽ പിൻവലിച്ചിരുന്നു. തുടർന്ന് തയ്യാറാക്കിയ പുതിയ ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്. പ്രതിപക്ഷത്ത് നിന്നും അസദ്ദുദീൻ ഓവൈസി, തൃണമൂൽ കോൺഗ്രസ് എംപി സൌഗതാ റോയ്, കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവരാണ് ബിൽ അവതരണത്തെ എതിർത്തത്. ബിൽ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മററിക്ക് വിടണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.