ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണത്തിനിടെ മുതിര്‍ന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയെ ബി.ജെ.പി ഇവിടെ രംഗത്തിറക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഇതിന് ബലം പകരുന്ന വിധം ചില ബിജെപി നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ മണ്ഡലത്തില്‍ 11,000ത്തിലധികം വോട്ട് നേടിയിരുന്നു. അനില്‍ വന്നാല്‍ അതില്‍ കൂടുതല്‍ വോട്ട് ലഭിക്കും എന്നതാണ് ബി.ജെ.പി പറയുന്നത്.
അതേസമയം മക്കള്‍ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മണ്ഡലത്തില്‍ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമാണ് സി.പി.എമ്മിലെ ചില ഉന്നതര്‍ ഉന്നയിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത് ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണ് സി.പി.എമ്മിന്‍റെ ലക്ഷ്യം. വരുംദിവസങ്ങളില്‍ പുതുപ്പള്ളി കടുത്ത രാഷ്ട്രീയ ചൂടിലേക്കാണെന്നതിന്‍റെ സൂചനകളായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ രണ്ടുതവണ ഉമ്മൻ ചാണ്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് തന്നെയാണ് സി.പി.എമ്മില്‍ മുൻതൂക്കമുള്ള സ്ഥാനാര്‍ഥിപ്പേര്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാമ്ബാടിയില്‍ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തതും ക്രൈസ്തവ സഭ അധ്യക്ഷനെ സന്ദര്‍ശിച്ചതുമെല്ലാം വോട്ടുറപ്പിക്കുന്നതിന്‍റെ ഭാഗമാണെന്നാണ് വ്യാഖ്യാനം.
ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫിനുമാണ് തെരഞ്ഞെടുപ്പ് ചുമതല. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന നാല്‍പതാം നാളിനുശേഷം പരസ്യപ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്.