കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിൽ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ അസിസ്റ്റന്റ് പിഎസ് ആയ സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പരാതി.
അര നൂറ്റാണ്ട് എത്തുന്ന എന്റെ ജീവിതത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം ഉമ്മൻചാണ്ടിയോടുള്ള വെറുപ്പാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ് പരാതി നൽകിയത്. നേരത്തേയും ഉമ്മൻചാണ്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുത്തിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെതിരേയും പൊലീസ് കേസെടുത്തിരുന്നു.
കേസിൽ കൊച്ചി സിറ്റി പൊലീസ് വിനായകനെ ചോദ്യം ചെയ്തിരുന്നു. വിനായകന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
വിലാപയാത്രക്കിടെയാണ് നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.