പാലക്കാട്: സംസ്ഥാന ഫയർഫോഴ്സ് മേധാവി ഡോ. സഞ്ജീവ് കുമാർ പട്ജോഷി സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ജീവനക്കാരെല്ലാം കൂർക്കം വലിച്ചുറങ്ങുന്നത്. പാലക്കാട് ജില്ലയിലാണ് സേനക്ക് നാണക്കേടുണ്ടായ സംഭവം. മേധാവി സന്ദർശനത്തിനെത്തിയപ്പോൾ പാറാവുകാരൻ പോലമില്ലാത്ത സ്റ്റേഷനിൽ ജീവനക്കാർ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ അദ്ദേഹം വാട്സ് ആപ്പിൽ രോഷത്തോടെ സംഭവത്തെക്കുറിച്ച് സന്ദേശമയച്ചു.
ജൂലൈ എട്ടിനാണ് സംഭവം. രാത്രി പതിനൊന്നരയോടെയാണ് ഫയർഫോഴ്സ് മേധാവി സ്റ്റേഷനിൽ അപ്രതീക്ഷിതമായി എത്തിയത്. ഈ സമയം പാറാവു ഡ്യൂട്ടിക്ക് പോലും ആളുണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുള്ള മറ്റ് ജീവനക്കാരെല്ലാം ഉറക്കത്തിലുമായിരുന്നു. മേധാവിയുടെ ഡ്രൈവറാണ് വിശ്രമമുറിയിൽ ചെന്ന് ജീവനക്കാരെ വിളിച്ചുണർത്തിയത്. ജീവനക്കാരുടെ നടപടി ശരിയല്ലെന്നും രാപ്പകൽ ഭേദമില്ലാതെ ജോലി ചെയ്യാൻ സന്നദ്ധരും ഊർജസ്വലരുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മേധാവി സ്റ്റേഷനിൽ എത്തിയപ്പോൾ ഉറങ്ങിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
അതേസമയം, ഉറങ്ങിയ ജീവനക്കാർക്കെതിരെ ഔദ്യോഗികമായി നടപടിയെടുത്തിട്ടില്ല. ഗുരുതര കൃത്യവിലോപം നടത്തിയ ജീവനക്കാർക്കെതിരെ നടപടിയില്ലാത്തതിൽ ഒരുവിഭാഗം ജീവനക്കാർക്ക് അതൃപ്തിയുണ്ട്. നിസാര കുറ്റം കണ്ടെത്തിയവർക്കെതിരെ പോലും നേരത്തെ നടപടിയുണ്ടായിട്ടുണ്ടെന്നും എന്നാൽ, ഡ്യൂട്ടി സമയത്ത് എല്ലാവരും ഉറങ്ങിയ സംഭവത്തിന് നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്നും ഒരു വിഭാഗം ചോദിച്ചു. സോഷ്യൽമീഡിയയിലും ജീവനക്കാർക്കിടയിലും ഫയർഫോഴ്സ് മേധാവിയുടെ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.