IndiaNEWS

ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കി; വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ച് അസാധാരണ നടപടി

ചെന്നൈ: തമിഴ്നാട്ടിൽ നിര്‍ണായക നീക്കം. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ. എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി.

കഴിഞ്ഞ ദിവസമാണ് റെയിഡിന് പിന്നാലെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതോടെ, ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിർത്തുകയായിരുന്നു.  എന്നാൽ വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ​ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്നായിരുന്നു ​ഗവർണറുടെ പ്രതികരണം. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള ഗവർണറുടെ അസാധാരണ നടപടി.

Signature-ad

ബാലാജിയെ പുറത്താക്കിയത് ഗവർണറുടെ നടപരടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ ശുപാർശയിലാണ് മന്ത്രിമാരുടെ നിയമനവും ഒഴിവാക്കലുമെന്നിരിക്കെയാണ് ഗവർണറുടെ നടപടിയെന്നും നിയപരമായി നേരിടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

17 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സെന്തിൽ ബാലാജിയെ ഇഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡി വിശദീകരണം. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

എന്നാൽ അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തിൽ ബാലാജിയെ ഇഡിക്ക് ഇതുവരെയും ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മന്ത്രി ഉടനൊന്നും ആശുപത്രി വിടില്ലെന്നാണ് വിവരം. 20 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്നും, കുടുംബാങ്ങളെ പോലും ശാസ്ത്രക്രിയക്ക് ശേഷം കാണാൻ അനുവദിച്ചിട്ടില്ലെന്നുമാണ് കാവേരി ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

തമിഴ്നാട്ടിൽ വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹർജികൾ പരി​ഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ 7 ലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മന്ത്രി തുടരുന്നത് അനൗചിത്യമെന്ന് ഗവർണർ പറയുന്നതും, പുറത്താക്കിയുള്ള ഉത്തരവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. ഭരണഘടനപരമായി മാത്രമേ ഇടപെടാനാകുവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Back to top button
error: