IndiaNEWS

മീററ്റ് കമ്മീഷണറുടെ വളർത്തുനായയെ കാണാതായതോടെ രാത്രിയും പകലും നീണ്ട വ്യാപക തെരച്ചിലുമായി ഉത്തര്‍പ്രദേശ് പൊലീസ്! 36 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയത് 500 ഓളം വീടുകളില്‍; ഒടുവിൽ…

ലഖ്നോ: മീററ്റ് കമ്മീഷണറുടെ വളർത്തുനായയെ കാണാതായതോടെ രാത്രിയും പകലും നീണ്ട വ്യാപക തെരച്ചിലുമായി ഉത്തർപ്രദേശ് പൊലീസ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് നായയെ കാണാതായത്. വിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സൈബീരിയൻ ഹസ്‌കി ഇനത്തിൽ പെട്ട മീററ്റ് കമ്മീഷണർ സെൽവ കുമാരി ജെയുടെ വളർത്തുനായയെ ആണ് കാണാതായത്.

ഒടുവിൽ സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ വിവരം അറിഞ്ഞ ഒരാളാണ് നായയെ കണ്ടെത്തിയത്. നായയുടെ ചിത്രവുമായി പൊലീസ് 500 ലധികം വീടുകളിൽ തെരച്ചിൽ നടത്തിയെന്നാണ് റിപ്പോർട്ട്. ഓരോ വീടുകളിലും കയറി പൊലീസ് നായയെ കുറിച്ച് അന്വേഷിച്ചു. കാണാതായ നായയെക്കുറിച്ച് നൂറുകണക്കിന് ആളുകളോട് വിവരം ചോദിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വൈകുന്നേരം വരെ നായയെ കണ്ടെത്താനായി ഊർജിതമായ അന്വേഷണം നടന്നു.

Signature-ad

നായയെ ഒരുപാട് നോക്കിയിട്ടും കണ്ടെത്താൻ സാധിക്കാതെ ആയതോടെ കമ്മീഷണറിൻറെ വീട്ടിൽ നിന്ന് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ മുഴുവൻ പൊലീസ് പരിശോധിച്ചു. കൂടാതെ, 36 മണിക്കൂറിനുള്ളിൽ 500 ഓളം വീടുകളിൽ കയറി നായയെ കുറിച്ച് അന്വേഷണം നടത്തി. ഈ ഇനത്തിൽ പെട്ട 19 നായകൾ മാത്രമാണ് നഗരത്തിലുള്ളതെന്നുള്ള കണക്കുകൾ പൊലീസിൻറെ പക്കൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി നായയെ കാണാനില്ലെന്നുള്ള പോസ്റ്റുകളും പ്രചരിപ്പിച്ചു.

ഒടുവിൽ ഈ പോസ്റ്റ് കണ്ട് നായയെ കണ്ടെത്തിയ ഒരാൾ ഹസ്കിയെയും കൊണ്ട് കമ്മീഷണറുടെ വീട്ടിൽ എത്തുകയായിരുന്നു. വഴിയിൽ നിന്നാണ് നായയെ കണ്ടെത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞ‌ത്. നായയെ കണ്ടെത്തിയതിന് പിന്നാലെ മീററ്റിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കമ്മീഷണർ സെൽവകുമാരി രംഗത്ത് വന്നു. നായയെ കാണാതായതും കണ്ടെത്തിയതുമെല്ലാം ഒറ്റ ദിവസം കൊണ്ട് സംഭവിച്ചുവെന്നും മീറററ്റിലെ നല്ലവരായ ജനങ്ങൾക്ക് നന്ദിയെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

Back to top button
error: