“ദൈവം തന്നതല്ലാതൊന്നും” എന്ന ഒരൊറ്റ പാട്ടിലൂടെ ജനഹൃദയങ്ങളെ കീഴടക്കുമ്ബോള്‍ മൂന്നു ഗാനങ്ങള്‍ മാത്രം റെക്കോഡ് ചെയ്യപ്പെട്ട ഗായികയായിരുന്നു ചിത്ര അരുണ്‍.
ജനലക്ഷങ്ങളെ ഭക്തിയുടെ അത്യുന്നതശൃംഗങ്ങളിലേക്കാണ് 2018ല്‍ പുറത്തിറങ്ങിയ ആ ക്രിസ്തീയ ഭക്തിഗാനം ഉയര്‍ത്തിയത്. ജാതിമതഭേദമില്ലാതെ ആ ഗാനം ആസ്വാദകര്‍ ഏറ്റെടുത്തു. രാജേഷ് അത്തിക്കയത്തിന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികള്‍. ജോജി ജോണ്‍സിന്റെ സംഗീതം. ആ പാട്ടുകേള്‍ക്കുമ്ബോള്‍ കരഞ്ഞുപോകുന്നെന്ന് നിരവധിപേര്‍ നേരിട്ടുപറഞ്ഞിട്ടുണ്ടെന്ന് ചിത്ര അരുണ്‍ പറയുന്നു.
ഒരൊറ്റ പാട്ടിലൂടെ ചിത്രയുടെ ജീവിതമാകെ മാറിമറിയുകയായിരുന്നു. തുടര്‍ന്നുള്ള ഓരോ പാട്ടിലും തന്റെ കൈയൊപ്പ് പതിപ്പിച്ചുകൊണ്ട് യുവഗായകനിരയില്‍ ചിത്ര തന്റെ സ്ഥാനം ഉറപ്പിക്കുകതന്നെ ചെയ്തു.റാണി പത്മിനി എന്ന സിനിമയിലെ ‘ഒരു മകരനിലാവായി’ എന്ന ഗാനവും രക്ഷാധികാരി ബൈജുവിലെ ‘ഞാനീ ഊഞ്ഞാലില്‍’ എന്ന ഗാനവും ശ്രദ്ധപിടിച്ചുപറ്റി.
പാലക്കാട് ചിറ്റൂര്‍ കോളജില്‍നിന്ന് സംഗീതത്തില്‍ ബിരുദവും തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയ ചിത്ര ഒന്നാം റാങ്കോടെയാണ് പാസായത്.മാവേലിക്കര പി. സുബ്രഹ്മണ്യന്റെ ശിഷ്യകൂടിയായ ചിത്ര ശാസ്ത്രീയ സംഗീതത്തിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
പാലക്കാട്ടുകാരിയായ ചിത്ര ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. ഭര്‍ത്താവ്: അരുണ്‍, മക്കള്‍ ആനന്ദ്, ആരാധ്യ.