MovieNEWS

പങ്കാളി നഷ്ടമായ ഒരു സ്ത്രീക്ക് ലൈംഗികാവശ്യമുണ്ടാവില്ലേ? 

ങ്കാളി നഷ്ടമായ ഒരു സ്ത്രീക്ക് ലൈംഗികാവശ്യമുണ്ടാവില്ലേ? ഈ ചോദ്യം കേള്‍ക്കുമ്ബോള്‍ പലരുടെയും നെറ്റി ചുളിഞ്ഞേക്കാം.മലയാളികള്‍ അധികമാരും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഈ വിഷയമാണ് രാജേഷ് കെ.രാമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നീരജ’ പറയുന്നത്.
”എന്റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റിത്തരുമോ” എന്ന് ഒരു പെണ്ണ് ചോദിക്കുന്നതു കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമെങ്കില്‍ ഉറപ്പായും ‘നീരജ’ കണ്ടിരിക്കണം. പങ്കാളി നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആഗ്രഹങ്ങള്‍ തുറന്നു പറയാൻ പോലും പറ്റാത്ത സമൂഹത്തില്‍ ഈ വിഷയം അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തിനാണ് സത്യത്തിൽ  കയ്യടി നല്‍കേണ്ടത്.
നഗരത്തിലെ പ്രശസ്തമായ ഒരു ഐടി കമ്ബനിയിലെ ടീം ലീഡറാണ് നീരജ. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട നീരജയും ഭര്‍ത്താവ് അലക്‌സും പ്രണയിച്ച്‌ വിവാഹം കഴിച്ചപ്പോള്‍ അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി. നീരജയ്ക്ക് അലക്‌സും അലക്സിന് നീരജയും മാത്രമായ ജീവിതത്തില്‍ അവര്‍ മറ്റാരെയും കണ്ടില്ല. സെക്‌സും പ്രണയവും സൗഹൃദവും എല്ലാം ചേര്‍ന്ന ആഘോഷ ജീവിതത്തിനിടയില്‍ ഒരു ദിവസം നീരജയെ തനിച്ചാക്കി അലക്സ് മരണത്തിന്റെ ഇരുട്ടറയിലേക്ക് നടന്നു മറയുകയാണ്. അലക്സ് മരിച്ചുവെന്ന് നീരജ വിശ്വസിക്കുന്നില്ല. ഇരുവരും ഒന്നിച്ചു കെട്ടിപ്പടുത്ത സ്നേഹക്കൂടാരത്തില്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് ചാരമായി, വായിച്ചു പകുതിയാക്കിയ മാഗസിനായി, വിയര്‍പ്പിന്റെ മണമുള്ള ഉടുപ്പുകളായി നീരജയോടൊപ്പം അലക്‌സുമുണ്ട്.
പക്ഷേ ജോലി കഴിഞ്ഞു വന്ന് കിടക്കയെ മുകര്‍ന്നു കിടക്കുമ്ബോള്‍ പ്രിയതമന്റെ വേര്‍പാട് നീരജയെ ഓര്‍മപ്പെടുത്തുന്നത് ഉള്ളില്‍നിന്നു കത്തിപ്പടരുന്ന രതിയുടെ ആസക്തിയാണ്. അത് ശമിപ്പിക്കാൻ കഴിയാതെ ഉറക്കമില്ലാത്ത രാത്രികള്‍ അവളെ മാനസികാസ്വാസ്ഥ്യത്തിലേക്കു തള്ളിവിടുന്നു. ജോലിയിലും ഭക്ഷണത്തിലും ഒന്നും ശ്രദ്ധ ചെലുത്താൻ കഴിയാതെ ഒടുവില്‍ നീരജ ഒരു സൈക്യാട്രിസ്റ്റില്‍ അഭയം പ്രാപിക്കുന്നു. അലക്സിന്റെ ഓര്‍മകളുമായി ജീവിക്കുന്ന നീരജയ്ക്ക് ഒരു പുനര്‍വിവാഹത്തെക്കുറിച്ചു ചിന്തിക്കാൻ പോലുമാകില്ല. ഒടുവില്‍ ഒരു സുഹൃത്തിനെ കണ്ടെത്തി തന്റെ ആവശ്യം അറിയിക്കാനാണ് ഡോക്ടര്‍ അവളോടു പറയുന്നത്. തനിക്കിണങ്ങിയ ഒരു സുഹൃത്തിനെ തിരഞ്ഞു നടക്കുന്ന നീരജ പക്ഷേ സുഹൃത്തിനെ കണ്ടെത്തി കാര്യം പറയുമ്ബോള്‍ ”നീയൊരു കുടുംബത്തില്‍ പിറന്ന പെണ്ണാണെന്നാണ് ഞാൻ കരുതിയത്” എന്ന മറുപടി കേട്ട് അപമാനിതയാവുകയാണ്.
ടൈറ്റില്‍ കഥാപാത്രമായ നീരജയായി ചിത്രത്തിലെത്തുന്നത് ശ്രുതി രാമചന്ദ്രനാണ്. വിധവയുടെ ആത്മസംഘര്‍ഷങ്ങള്‍ പേറുമ്ബോഴും തന്റെ ഔദ്യോഗിക കടമകള്‍ വിജയകരമായി കൊണ്ടുപോകുന്ന സ്ത്രീയുടെ കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെ ശ്രുതി അവതരിപ്പിച്ചു. പ്രണയം, ലൈംഗികത, ധൈര്യം, സഹതാപം തുടങ്ങി എല്ലാ ഭാവങ്ങളും വളരെ നന്നായി കൈകാര്യം ചെയ്ത് ശ്രുതി നീരജയായി ജീവിക്കുകയായിരുന്നു. ശ്രുതിയുടെ ഭര്‍ത്താവായി വന്നത് ഗോവിന്ദ് പദ്മസൂര്യയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വളരെ മനോഹരമായി.
സഭ്യമായ ഭാഷയില്‍ ലൈംഗികത എങ്ങനെ വൃത്തിയായി പറയാമെന്ന് രാജേഷ് കെ.രാമൻ ‘നീരജ’യിലൂടെ തെളിയിച്ചിരിക്കുന്നു. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം ലൈംഗികതയുടെ അതിപ്രസരമില്ലാതെ കൊതിയൂറുന്ന പ്രണയവും രതിയും ബന്ധങ്ങളുടെ തീവ്രതയും കൊണ്ട് ഉള്ളുനിറയ്ക്കുന്ന സിനിമ. ക്യാമറ കൊണ്ട് മനോഹരമായ ഒരു കാവ്യം തന്നെയാണ് രാഗേഷ് നാരായണൻ ഒരുക്കിയിരിക്കുന്നത്. ബിബിൻ അശോകിന്റെ പശ്ചാത്തല സംഗീതവും സച്ചിൻ ശങ്കറിന്റെ പാട്ടുകളും സിനിമ കഴിഞ്ഞിട്ടും നമ്മെ വിടാതെ പിന്തുടരും.

Back to top button
error: