Fiction

സ്വയം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴേ   ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനും, ശാശ്വതമായ ആനന്ദം കണ്ടെത്താനും നമുക്ക് സാധിക്കൂ

വെളിച്ചം

    യാജ്ഞവല്‍ക്യ മഹര്‍ഷിയുടെ ഗൃഹസ്ഥാശ്രമത്തിന്റെ അന്ത്യഘട്ടം.  മഹര്‍ഷി സ്വന്തം വസ്തുവകകള്‍ എല്ലാം ഭാര്യമാരായ മൈത്രേയിക്കും കാര്‍ത്ത്യായിനിക്കും വീതിച്ചുകൊടുത്തു.  ആ സന്ദർഭത്തിൽ മൈത്രേയി ഇങ്ങനെ ചോദിച്ചു:
“ഈ ധനംകൊണ്ട് എനിക്ക് അമരത്വം ലഭിക്കുമോ?”
“ഇല്ല…” യാജ്ഞവല്‍ക്യന്‍ പറഞ്ഞു:
“ധനം ഉണ്ടെങ്കില്‍ ധനവാന്‍മാരെ പോലെ ജീവിക്കാം.  അത്രതന്നെ…”
അപ്പോള്‍ മൈത്രേയി പറഞ്ഞു:
“അല്ലയോ ഭഗവന്‍,  അമരത്വം പ്രദാനം ചെയ്യാത്ത വസ്തുവകകള്‍കൊണ്ട് എനിക്കെന്താണ് പ്രയോജനം.  സനാതന ജീവന്‍ എങ്ങനെ ലഭിക്കുമെന്ന് പറഞ്ഞാലും…”
അതനുസരിച്ച് മൈത്രേയിക്ക് യാജ്ഞവല്‍ക്യന്‍ നല്‍കിയ ഉപദേശമാണ് ഉപനിഷത്തിന്റെ സത്ത.

Signature-ad

സംതൃപ്തിയും ആശ്വാസവും മോഹിക്കാത്ത മനുഷ്യരില്ല.  കൂടുതല്‍ സംതൃപ്തിക്കുവേണ്ടി കൂടുതല്‍ ധനം സമ്പാദിക്കാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എത്ര തന്നെ സമ്പത്തുണ്ടെങ്കിലും എന്തെല്ലാം വസ്തുവകകള്‍ നമുക്കുണ്ടെങ്കിലും ക്ലേശങ്ങളില്‍ നിന്നും മുക്തി നേടുക അസാധ്യമാണ്.

അസ്ഥിരവും അനിശിചതവുമായ ഈ ലോകത്ത് നമുക്കുണ്ടാകേണ്ട മനോഭാവം നാം സ്വയം പരിവര്‍ത്തനംചെയ്യപ്പെടുക എന്നതാണ്.  നമ്മുടെ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനും, നമുക്ക് ശാശ്വതമായ ആനന്ദം കണ്ടെത്താനും നമുക്ക് മാത്രമേ സാധിക്കൂ.  അത് നമ്മുടെ ഉള്ളില്‍ തന്നെയാണെന്ന തിരിച്ചറിവിനേ സാധിക്കൂ. ആ തിരിച്ചറിവില്‍ ദുഃഖങ്ങള്‍ക്കും ആശകള്‍ക്കും അവധികൊടുക്കാന്‍ നമുക്ക് സാധിക്കട്ടെ …
ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: