ഷീലയും ജയഭാരതിയും അമ്മയും മകളുമായി അഭിനയിച്ചഐ.വി ശശിയുടെ ‘അനുഭവം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഐ.വി ശശിയുടെ ‘അനുഭവ’ത്തിന് 47 വർഷപ്പഴക്കം. ഭർത്താവിന്റെ ചിത്രത്തിനരികെയിരുന്ന് മദ്യപിക്കുന്ന ഷീലയെ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ആംഗ്ലോ ഇന്ത്യൻസ് ജീവിത പശ്ചാത്തലത്തിലാണ് കഥ. പോലീസുകാരനായിരുന്ന ഭർത്താവ് (ഉമ്മർ) പരിചയിപ്പിച്ച മദ്യപാന ശീലം പിന്നീട് ഭർത്താവിനെ മറക്കാനുള്ള വിധവയുടെ മാർഗമായിത്തീരുന്നു. ഷീലയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഈ ചിത്രത്തിലാണ് ‘വാകപ്പൂമരം ചൂടും’ എന്ന എവർഗ്രീൻ ഹിറ്റ് ഗാനമുള്ളത്. ഷീലയും ജയഭാരതിയും അമ്മയും മകളുമായി അഭിനയിച്ചു. രചന ആലപ്പി ഷെറീഫ്. 1976 ജൂൺ 10 റിലീസ്.
വീട്ടുസാധനങ്ങൾ വിറ്റ് വരെ കുടിക്കുന്ന നിലയിലേയ്ക്ക് മാറുന്ന ഷീലയുടെ കഥാപാത്രം ശവപ്പെട്ടി വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. മരിക്കുമ്പോൾ കടബാധ്യതയില്ലാതിരിക്കാനും ഏക മകൾ ആ പേരിൽ അലയാതിരിക്കാനും. ബാർ നടത്തുന്ന സായിപ്പ് (സോമൻ) ഷീലയുടെ മകൾ മേരിയുടെ (ജയഭാരതി) പിന്നാലെയാണ്. അയൽക്കാരായി താമസത്തിനെത്തുന്ന ജോണി (വിൻസെന്റ്) ‘വാടകയ്‌ക്കൊരു മുറിയെടുത്ത വടക്കൻ തെന്നലി’ന്റെ പാട്ടുമായി മേരിയുടെ ഹൃദയത്തിൽ താമസമായി.
ജോണിക്ക് അസുഖം ബാധിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ടു. വെല്ലൂരിൽ കൊണ്ടുപോയി ചികിൽസിക്കാൻ രണ്ടായിരം രൂപ വേണം. ക്രിസ്‌മസ് കരോൾ സമയത്ത് പുറത്ത് പോയ മേരിയെ സായിപ്പ് മാനഭംഗത്തിനിരയാക്കുന്നു. അയാൾ നീട്ടിയ പണം ജോണിയെ ചികിൽസിക്കാനായി സ്വീകരിച്ച് മേരി. മാത്രമല്ല അയാളുടെ സ്വർണമാലയും സ്വീകരിച്ചു. അതറിഞ്ഞ സായിപ്പിന്റെ ഭാര്യ (മീന) മേരിയെ തല്ലുമ്പോൾ മേരി വീണു. അവൾ ഗർഭിണിയായിരുന്നല്ലോ. കാഴ്‌ച തിരിച്ചു കിട്ടിയ ജോണിയെ കാണുന്നതിന് മുൻപ് മേരി മരിച്ചു. അമ്മ വാങ്ങി വച്ച ശവപ്പെട്ടി മകൾക്ക്. മകളെ നശിപ്പിച്ച സായിപ്പിനെ വെടി വച്ച് കൊന്ന് അമ്മ ജയിൽ ശിക്ഷ സ്വീകരിക്കുന്നു.
ബിച്ചു തിരുമല- എ.റ്റി ഉമ്മർ പാട്ടുകളിൽ ‘വാകപ്പൂ’ കൂടാതെ സൗരമയൂഖം സ്വർണ്ണം പൂശിയ, ഒരു മലരിൽ എന്നീ ഹിറ്റുകളുമുണ്ട്. ഐവി ശശിയുടെ അവളുടെ രാവുകൾ, ഇണ, ലക്ഷ്‌മണരേഖ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച രാമചന്ദ്രനാണ് ‘അനുഭവ’ത്തിന്റെ നിർമ്മാതാവ്.