തിരുനെൽവേലി: അരിക്കൊമ്പനെ ഉടൻ തുറന്നു വിടില്ല. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നു സൂചന ലഭിച്ചതിനെ തുടർന്നാണിത്. ഡോക്ടർമാരുടെ വിദഗ്ധ സംഘം അരിക്കൊമ്പനെ പരിശോധിക്കുമെന്നു തമിഴ്നാട് വനം വകുപ്പ്. ആവശ്യമെങ്കിൽ രണ്ടു ദിവസം കോതയാർ എത്തിച്ചു ചികിത്സ നൽകും.
മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്റെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ ഇപ്പോൾ ആനയുടെ ആരോഗ്യനില തൃപ്തികരമല്ല എന്നാണ് ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോഴും ആനയെ വാഹനത്തിൽ തന്നെ നിർത്തിയിരിക്കുകയാണ്. പുറത്തേക്ക് ഇറക്കുകയാണെങ്കിൽ പോലും അത് പുലർച്ചയോട് കൂടി മാത്രമേ സാധിക്കൂ എന്നാണ് വനംവകുപ്പ് പറയുന്നത്.
അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.