ദുബൈ: പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ വേണ്ടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരനെ തേടി ദുബൈയിൽ നിന്നെത്തിയത് എട്ട് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വെച്ചുനടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലാണ് ചെന്നൈ സ്വദേശിയായ പ്രശാന്തിന് പത്ത് ലക്ഷം ഡോളറിന്റെ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്.
മേയ് 11ന് ഓൺലൈനായി എടുത്ത 3059 എന്ന നമ്പറിലെ ടിക്കറ്റാണ് പ്രശാന്തിന്റെ ജീവിതം മാറ്റിമറിച്ചത്. അബുദാബി കൊമേഴ്‍സ്യൽ ബാങ്കിൽ ജോലി ചെയ്‍തിരുന്ന അദ്ദേഹം ആദ്യമായാണ് ഒരു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിച്ചത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ വേണ്ടി ബാങ്ക് ജോലി ഉപേക്ഷിച്ച് പ്രശാന്ത് നാട്ടിലേക്ക് അടുത്തിടെ നാട്ടിലെ മടങ്ങുകയായിരുന്നു. യാത്ര തിരിക്കുന്ന ദിവസം ഓൺലൈനിലൂടെയാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. ആ സമയത്ത് ഓൺലൈനിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു ടിക്കറ്റായിരുന്നു അത്.
സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന് ‘പ്രായമായ മാതാപിതാക്കൾക്ക് അവരുടെ രോഗാവസ്ഥയിൽ സഹായകമായ തരത്തിൽ പണം ചെലവഴിക്കും’ എന്ന ഒറ്റ ഉത്തരമേ അദ്ദേഹത്തിനുള്ളൂ. പിന്നെ രണ്ട് ഇളയ സഹോദരിമാരുടെ വിവാഹം നടത്താനും കുറിച്ച് പണം സൂക്ഷിച്ചു വെയ്ക്കും. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇനി തനിക്ക് മാതാപിതാക്കളോടും കുടുംബത്തോടുമുള്ള ബാധ്യതകളെല്ലാം നിറവേറ്റാമല്ലോ എന്ന ആശ്വാസവും പങ്കുവെച്ചു.
ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് 1999ലാണ് ആരംഭിച്ചത്. അന്നുമുതൽ ഇന്നു വരെ പത്ത് ലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം ലഭിക്കുന്ന 210-ാമത് ഇന്ത്യക്കാരനാണ് പ്രശാന്ത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ ഏറ്റവുമധികം പങ്കെടുക്കുന്നതും ഏറ്റവും കൂടുതൽ സമ്മാനങ്ങൾ നേടുന്നതും ഇന്ത്യക്കാർ തന്നെയാണ്.